ഒരു പേമാരി തോർന്ന് അടുത്ത പേമാരി തുടങ്ങും മുൻപുള്ള ചെറിയ ഇടവേള. ആ ഇടവേളയിലെ ചെറു ചാറ്റൽ മഴയിൽ ഞാനും അമ്മുവും കൂടി വഴിയരികിൽ അങ്ങ് ദൂരെ കുന്നുകളെ മഞ്ഞു മൂടുന്നതും നോക്കി നിൽപ്പാണ്. തണുപ്പേറി വരുന്നു.. മഴത്തുള്ളികൾ പുരണ്ട ആ തണുത്ത വായു ആഞ്ഞു ശ്വസിച്ചു..

ഈരാറ്റുപേട്ട-വാഗമൺ ചുരം കയറി തുടങ്ങിയിട്ട് ഏറെയായില്ല. റോഡിലൂടെ കെട്ടികിടക്കുന്ന മഴവെള്ളം തെറിപ്പിച്ചുകൊണ്ടു വണ്ടികൾ പായുന്നുണ്ട്. അതൊന്നും ഗൗനിക്കാതെ കോടയും നോക്കി ഞങ്ങൾ നിൽപ്പ് തുടർന്നു..

ഇന്നലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിക്കുമ്പോൾ വെയിലിനോ, ചൂടിനോ ഒരു കുറവും ഉണ്ടായിരുന്നില്ല. ഇടവിട്ട് ചെറു മഴ പെയ്തിരുന്നു. വൈകുന്നേരം കോട്ടയത്തെ എന്റെ വീട്ടിൽ എത്തുമ്പോൾ മാനം കറുത്തെങ്കിലും രാത്രി പെയ്തു തോർന്നു രാവിലെ ആകാശം തെളിയുമെന്നു കരുതിയതാണ്. പക്ഷെ കണി കണ്ടതോ ഇടവത്തിലും കർക്കിടകത്തിലും ഒന്നും പെയ്യാതെ പോയ കനത്ത മഴ.

കാണാൻ വന്നത് കുന്നും മലകളും മഞ്ഞുമൊക്കെയല്ലേ? കൂട്ടത്തിൽ മഴകൂടി ആയിക്കോട്ടെ എന്ന് കരുതി രാവിലെ തന്നെ രണ്ടുംകൽപ്പിച്ചു ഇറങ്ങി. ഏറ്റുമാനൂരപ്പന്റെ ക്ഷേത്രവും, പാലാ ബിഷപ്പ് ഹൗസും, ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ പള്ളിയും കഴിഞ്ഞു മലനാടിന്റെ കവാടമായ ഈരാറ്റുപേട്ട എത്തിയപ്പോഴും കാറിനു മുകളിൽ പടപടാ പെയ്യുന്ന മഴ!
നാട്ടിലെ സുപരിചിതമായ ഇടവഴികളിൽ കൂടിപോലും വണ്ടിയോടിക്കാൻ മടിയുള്ള ഭർത്താവ് കണ്ണ് പോലും കാണാത്ത വഴിയിലൂടെ രണ്ടും കല്പിച്ചു ഓടിക്കുകയാണ്. ഞായറാഴ്ച കൂടി ആയതിനാൽ വിജനമായിരുന്നു വഴി എന്നത് മാത്രമായിരുന്നു ഏക ആശ്വാസം.
രാവിലെ തുടങ്ങിയ മഴ ഇത്തിരിയെങ്കിലും ശക്തി കുറഞ്ഞപ്പോൾ ഉറങ്ങി മടുത്ത അമ്മുവിനെയുമെടുത്ത് ഒന്നു പുറത്തിറങ്ങിയതാണ്. ദൂരെ കുന്നിൽ കുമിഞ്ഞിറങ്ങുന്ന കോട നോക്കി നിൽക്കെ അടുത്ത മഴയുടെ ഇരമ്പൽ കേട്ടു.

വീണ്ടും മഴയത്ത് ചുരം കയറ്റം. കയറി കയറി പാറമല ചെത്തിയൊരുക്കിയ മലമ്പാതയിലെത്തി. PC George മുദ്രാവാക്യങ്ങൾ എഴുതിവച്ച പാറകൾ. അവ നോക്കി ഇരിക്കെ വണ്ടി ചെന്ന് നിന്നതു പാറക്കുന്നിന്റെ മുകളിൽ നിന്നു റോഡിരികിലേക്കു വീഴുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ മുൻപിൽ. ഐസ് ക്രീം വണ്ടികളും, ടൂറിസ്റ്റ് ബസ്സുകളും ഒക്കെ ഒതുക്കി ഇട്ടിട്ടുണ്ട്. ഞങ്ങളെ പോലെ കാലംതെറ്റി വന്ന യാത്രികർ ഒരുപാടുണ്ടെന്നു അർത്ഥം. ചിലരൊക്കെ മഴയിലേക്കും വെള്ളച്ചാട്ടത്തിലേക്കും സ്വയം മറന്നു എടുത്തു ചാടുന്നു.. കൂടെയുള്ളവരെയും പിടിച്ചു ചാടിക്കുന്നു.


കുറച്ചു ഫോട്ടോകൾ എടുക്കണമെന്ന എന്ന ദുരാഗ്രഹത്തോടെ അമ്മുവിനെ അച്ഛനെ ഏല്പിച്ചു പതുക്കെ പുറത്തേക്കിറങ്ങി. വിചാരിച്ച പോലെയല്ല. പുറത്തു ആഞ്ഞടിക്കുന്ന തണുത്തകാറ്റ്. രണ്ടും കല്പിച്ചു മുന്നോട് പോയി രണ്ടു ഫോട്ടോ എടുത്തപ്പോഴേക്കും പോപ്പി കുട ഷോക്കേറ്റ വവ്വാല് പോലെ മടങ്ങി തൂങ്ങി.. തൽക്കാലത്തേക്ക് പോലും കയറിനിൽക്കാനിടമില്ല. മഴയും കാറ്റും കോടയും ചേർന്നുള്ള ആക്രമമാണ്. തിരിഞ്ഞോടി..
വണ്ടിയിൽ കയറുമ്പോൾ ഊറി ഊറി ചിരിച്ചു കൊണ്ടിരിക്കുന്നു അച്ഛനും മകളും!

വെള്ളച്ചാട്ടത്തിൽ തിരതല്ലുന്ന ആവേശങ്ങളെ പിന്നിലാക്കി വീണ്ടും മുൻപോട്ട്. ഇനി അധികദൂരമില്ല.
മലമുകളിൽ നിന്നൊലിച്ചു വന്നു കിടക്കുന്ന പാറകളും കല്ലുകളും, ഇളകിയ മെറ്റലുകളും നിറഞ്ഞു കിടക്കുകയാണ് റോഡിൽ. ഗട്ടറുകളിൽ കയറിയിറങ്ങി, ചെറു മഴയ്‌ക്കൊപ്പം അരിച്ചിറങ്ങുന്ന തണുപ്പിൽ, കനത്ത മൂടൽ മഞ്ഞിന്റെ ഉള്ളിലേക്ക് അവസാനം ഞങ്ങൾ എത്തിച്ചേർന്നു – വാഗമൺ!

അഞ്ചു കൊല്ലങ്ങൾക്കപ്പുറം കണ്ട സ്ഥലമാണ്. കോട്ടയംകാരുടെ ഊട്ടി! അന്ന് കണ്ട പച്ചരോമക്കുപ്പായം പുതച്ച മൊട്ടക്കുന്നുകളും, കിഴക്കന്മലകളുടെ വിദൂരകാഴ്ചകളും ഇന്നില്ല..എല്ലാം ഈ കൊടയുടെ വെൺമക്കപ്പുറം എവിടെയോ ഒളിച്ചു നിൽക്കുകയാണ്..
വഴികാട്ടി ബോർഡുകൾ നോക്കി ഞങ്ങളാദ്യം മൊട്ടകുന്നിലേക്കു പോയി.
അതിശയിപ്പിക്കുന്ന തിരക്ക്!
മഴയും, തണുപ്പും മനുഷ്യരെ മത്തു പിടിപ്പിച്ചോ? കുന്നിൻമുകളിൽ വെറുതെ നിന്ന് മഴ കൊള്ളുന്നവർ..
മഞ്ഞുകൊണ്ട് ആർത്തുവിളിക്കുന്നവർ, കിനാവില്ലെന്ന പോലെ അലക്ഷ്യമായി നടക്കുന്നവർ..
മഴകൊണ്ട് നിൽക്കാനായി ആ മൊട്ടകുന്നിലേക്കോടാൻ കാലു തരിച്ചു. പക്ഷെ കുഞ്ഞമ്മു, പനി, ആശുപത്രി ഒക്കെ ഓർത്തപ്പോൾ ആവേശം ഒന്നടങ്ങി.
വെയിലും ചൂടുമൊക്കെ കണ്ടു യാത്ര തിരിച്ച ഞങ്ങളുടെ പക്കൽ മഴക്കോട്ടുകളോ തൊപ്പികളോ ഒന്നുമില്ല. അമ്മുവിന് പേരിനൊരു ജാക്കറ്റ് ഉണ്ട്. പുറത്തിറങ്ങണമെങ്കിൽ കുട അത്യാവശ്യം. ഉള്ള ഒരെണ്ണം വവ്വാൽ പരുവമാവുകയും ചെയ്തു. ഹോൺ അടി ബഹളത്തിനിടയിൽ വണ്ടി സൈഡൊതുക്കാനും പറ്റുന്നില്ല. തിരക്കിനിടയിലും, എന്റെ മുഖഭാവത്തിൽ നിന്ന് കാര്യം മനസിലാക്കിയ ഒരു കുടക്കാരി ചേച്ചി കുട എടുത്തു കാറിനുള്ളിലേക്ക് നീട്ടി. ആഹാ.. മിടുക്കി..

ആ തിരക്കിൽ നിന്ന് എങ്ങനെയും രക്ഷപെടണമെന്നേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക്. നേരെ പൈൻ മരകാട്ടിലേക്ക് പോയി. എല്ലാവരും മൊട്ടക്കുന്നിൽ മഴ കൊണ്ട് നിൽക്കുന്നത് കൊണ്ടാകും ഇവിടെ തിരക്ക് തീരെയില്ല. കടക്കാരും മറ്റും എത്തി തുടങ്ങുന്നതേയുള്ളൂ.

മണിക്കൂറുകൾക്കു ശേഷം ഒന്ന് നടക്കാൻ സ്വന്തന്ത്ര്യം കിട്ടിയ അമ്മു ഒഴുകിപ്പരക്കുന്ന മഴവെള്ളത്തിൽ കാലിട്ടടിച്ചു നടന്നു.
സമയം നട്ടുച്ച! മഞ്ഞിൽ മുങ്ങിയ ഇതുപോലെ തണുപ്പിക്കുന്ന നട്ടുച്ചകൾ ഇനി എന്നാണാവോ!?

പാറക്കല്ല് പാകിയ വഴിയിലൂടെ പൈൻ മരക്കാട്ടിലേക്കിറങ്ങി. പാറകൾക്കിടയിൽ പൊഴിഞ്ഞു അടിഞ്ഞു തിങ്ങിക്കൂടിയ ഉണക്കിലകളിൽ വെള്ളം തങ്ങിനിന്നു വാട്ടർ പില്ലോ പോലെയായിരുന്നു. അമ്മു അതിലേക്കു കുതിച്ചു ചാടി വെള്ളം തെറിപ്പിച്ചുകൊണ്ടിരുന്നു. മരങ്ങൾക്കിടയിൽ അനങ്ങാതെ തിങ്ങി നിൽക്കുന്ന കോട. അടുത്തെവിടെയോ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. അമ്മുനൊപ്പം ഓടിയും കളിച്ചും, പുകമഞ്ഞൂതിയും ഏറെനേരം അവിടെ തങ്ങി. വിശപ്പ്‌ തോന്നിത്തുടങ്ങിയപ്പോൾ തിരിച്ചുകയറി..
വഴിയരികിൽ കടകൾ കുറേശ്ശെയായി തുറന്നു തുടങ്ങുന്നു. നിർബന്ധിച്ചു തേയിലപ്പൊടി വാങ്ങിപ്പിച്ചു ഒരു ചേച്ചി. അമ്മുവിനൊരു തൊപ്പികൂടി വാങ്ങി തിരിഞ്ഞു നടന്നപ്പോൾ ഞാനാ ചേച്ചിയുടെ മുഖം ഒന്നൂടി നോക്കി.. ആരുടെയൊക്കെയോ മുഖച്ഛായ ഉള്ളതുപോലെ..ആരാണോ എന്തോ!? യാത്രകളിൽ ഇതുപോലെ എത്രയോ മുഖങ്ങൾ..

നടന്നു മുകളിലെത്തി വഴിയരികിൽ ആദ്യം കണ്ട ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. ഇടക്കെപ്പോഴോ വഴിയിലൊരു കശപിശ – സെൽഫി സ്റ്റിക്കിനു വേണ്ടിയുള്ള വിലപേശലാണ്. ഭക്ഷണം അത്ര വെടിപ്പല്ലായിരുന്നു എങ്കിലും വിളമ്പിയ ബംഗാളി ചെറുക്കന്റെ വടിവൊത്ത മലയാളം എനിക്കേറെ ഇഷ്ടപ്പെട്ടു. ഊണും കഴിഞ്ഞു വെള്ളവും വാങ്ങി ഇറങ്ങുമ്പോഴേക്കും വഴിയിലെ വിലപേശൽ കൈയേറ്റത്തോളം എത്തിയിരുന്നു.

അവരെ മഞ്ഞിൽ അടികൂടാൻ വിട്ടിട്ട് ഞങ്ങൾ വേഗം നടന്നു. പുകമഞ്ഞിലൂടെ ഉള്ള നടത്തം. അതിന്റെ രസമൊന്നു വേറെ തന്നെ. മേഘത്തിലൂടെ നടക്കുന്ന പോലെ.. സ്വപ്നത്തിലെന്ന പോലെ മങ്ങിയ ദൂരകാഴ്ചകൾ. നിഴല് പോലെ വരുന്ന രൂപങ്ങൾ ആളുകളായും പശുക്കളായും പ്രത്യക്ഷപെട്ടു വീണ്ടും പിന്നിൽ നിഴലുകളായി മങ്ങി മങ്ങി അകന്നു പോകുന്നു.

വണ്ടിയിൽ കയറിയെങ്കിലും മഞ്ഞത്തു നടക്കാനുള്ള കൊതികൊണ്ട് അമ്മുവിനെ ഉള്ള ഉടുപ്പുകളെല്ലാം ഇടുവിച്ചുകൊണ്ട് ഇറങ്ങി നടന്നു.

നല്ല കട്ട കോട.
അതിലൂടെ കാണുന്ന നിഴൽക്കാഴ്ചകൾ..
തേയിലത്തോട്ടങ്ങൾ പൂത്തു നിൽക്കുന്നു..
ഇലകൾക്കുള്ളിൽ നനഞ്ഞു കൂമ്പി ഇരിക്കുന്ന ഇളം മഞ്ഞ പൂക്കൾ..
ഇടയ്ക്കിടെ വെള്ളിയില മരങ്ങൾ.. അതിനു മുകളിലേക്കു മേഘങ്ങളാണ്..
മരങ്ങൾ മേഘങ്ങൾ തലയിലേറ്റി നിൽക്കുന്നപോലെ..
കോട, കാഴ്ചകൾ മറക്കുകയില്ല ചില കാണാകാഴ്ചകൾ കാട്ടി തരുന്നപോലെ തോന്നി.

ഇത്തിരിനേരമായി പിണങ്ങിനിന്ന മഴ കൂട്ടുകൂടാൻ ഓടി കിതച്ചെത്തി. വെള്ളത്തുള്ളികൾ വീണപ്പോൾ മഞ്ഞുകട്ട സൂചികൾ വച്ചു കുത്തിയത് പോലെ..
വീണ്ടും തിരിഞ്ഞോടി.

ഇനിയും എന്തൊക്കെയോ കാഴ്ചകൾ ബാക്കിയുണ്ടായിരുന്നു. പക്ഷെ മഴ സമ്മതിക്കുമെന്നു തോന്നുന്നില്ല. പാതി മനസ്സോടെ മലയിറങ്ങി തുടങ്ങി. പെട്ടെന്നാണ് ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് പിറകിൽ ഒരു കട്ടപ്പന സൂപ്പർഫാസ്റ് പാഞ്ഞുവന്നത്. Side കൊടുത്തിട്ടും തുരു തുരെ ഹോൺ അടിച്ചു ഞങ്ങളെ റോഡിനു വെളിയിൽ ചാടിച്ചിട്ടേ ആനക്ക് സമാധാനം ആയുള്ളൂ. ചീറി പാഞ്ഞു പോയ സൂപ്പർഫാസ്റ്റിനു പിറകെ ഒരു വേണാടും. അത് ശെരി. കണ്ണുകാണില്ലെങ്കിലും മത്സരത്തിനൊരു കുറവുമില്ല! പുകമറയ്ക്കുള്ളിൽ നിന്നു പുറത്തെ പരുക്കൻ കാഴ്ചകളിലേക്ക് പതുക്കെ തിരികെയെത്തിത്തുടങ്ങി.

പേടിപ്പിക്കുന്നതായിരുന്നു മടങ്ങിവരവിലെ കാഴ്ചകൾ. മണ്ണിടിച്ചിലും, വെള്ളക്കെട്ടും, മറിഞ്ഞുവീണ മരങ്ങളും, നിമിഷങ്ങൾക്ക് മുൻപ് മാത്രം മണ്ണിടിഞ്ഞു തടസ്സപ്പെട്ട റോഡുകൾ.. ഇനിയും ഉരുണ്ടു കൂടുന്ന ആകാശം ഭയം ഇരട്ടിപ്പിച്ചു. യാത്ര മതിയാക്കി ഞങ്ങൾ മടക്കയാത്രയുടെ വേഗം കൂട്ടി.

സന്ധ്യക്ക്‌ മുൻപ് ഞങ്ങൾ വീടണഞ്ഞു. അമ്മയുടെ മുഖത്തു ആശ്വാസം. പകൽ പൈൻ മരക്കാട്ടിനടുത്തു നിന്നു വാങ്ങിയ ഏലയ്ക്ക മണമുള്ള ചായയും മൊത്തികുടിച്ച് വാർത്തകൾ കണ്ടപ്പോളാണ് ശരിക്കും മഴയുടെ ഗൗരവം മനസിലായത്. ഒറ്റ ദിവസം കൊണ്ട് പെയ്തത് കഴിഞ്ഞ അഞ്ചു കൊല്ലത്തെ റെക്കോർഡ് മഴ! മലയോരപ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ..
കോട്ടയം-ഇടുക്കി-പത്തനംതിട്ട വഴികളിൽ ഗതാഗത നിയന്ത്രണം പോലുമുണ്ടായി. വാർത്തകൾ കാണുംതോറും, ഏതോ ആപത്തിൽ നിന്നു കഷ്ടിച്ച് രക്ഷപെട്ടു വന്നൊരു ഫീൽ. ആശ്വാസം.. അസുഖകരമായതൊന്നും കാണാതെ തിരികെയെത്തിയെല്ലോ.

അല്ലെങ്കിലും യാത്രകൾ ഇങ്ങനെ ആണെല്ലോ? കാണാൻ പോകുന്നതൊന്ന്, കാണിച്ചു തരുന്നത് വേറൊന്ന്!! എങ്കിലും ഓരോ യാത്രയും ബാക്കിവയ്ക്കുന്ന ചില അനുഭൂതികൾ പോലെ, ഏലക്ക സുഗന്ധമുള്ള ചായ കുടിക്കുമ്പോഴെല്ലാം കോടയിൽ പുതഞ്ഞു പോകാറുണ്ട് മനസ്സ്, ഇന്നും!

 * * *