“പകലിൽ കത്തിയാളിയ ചിന്തകളും, വികാരങ്ങളും കനത്തുരുണ്ട്, ചുവന്ന്‌, തളർന്നു പടിഞ്ഞാറേപടിയിൽ വന്നു ഇരിപ്പായി.

കൂമ്പി നിന്ന കനൽകട്ടയെ വലിച്ചുതാഴെയിട്ടുകളഞ്ഞു കടൽ.

കനൽ വീണ നിമിഷം കടൽ ചുവന്നു തുടുത്തു.

തുടുത്ത മുഖം കടൽ ഒന്നുമറിയാതെ തിരകളാൽ കഴുകി.

കലങ്ങിച്ചുവന്ന തിരകൾ തീരത്തേക്കോടിക്കയറി.

തീരത്തു നിരന്ന മണൽസൈന്യം തിരകളെ തച്ചുടച്ചു മുത്തുമണികൾ വിണ്ണിലേക്കെറിഞ്ഞു.

വീണുടയും മുൻപേ മുത്ത് പിടിക്കാനാഞ്ഞ സൂര്യന്റെ കൈകൾ..

കൈകുമ്പിളിൽ നിന്നും വഴുതി ആകാശച്ചെരുവിൽ വീണുപൊട്ടിയ കുങ്കുമച്ചെപ്പ്..

കുങ്കുമപ്പൊടി വീണു അമ്പിളിയും താരങ്ങളും മെല്ലെ കണ്ണ് ചിമ്മിയുണർന്നു.

ഉണർന്നു കണ്ടോടി എത്തും മുൻപേ കനൽക്കട്ടയെ ആഴങ്ങളിൽ മുക്കികെടുത്തിക്കളഞ്ഞു കടൽ!

കടൽ പരത്തിയ ഇരുട്ടിൽ അമ്പിളിയും, താരങ്ങളും ദിശതെറ്റി അലഞ്ഞു നടന്നു.

കടൽ മിണ്ടിയില്ല; നിർത്താതെ തുളുമ്പിചിരിച്ചുകൊണ്ടേയിരുന്നു.

തിരയുടെ ചിരികുമിളകൾ അറിയാതെ, ആഴങ്ങളിലൂടെ സൂര്യൻ ഊളിയിട്ടു കിഴക്കേകോണിലേക്കോടി..

കിതച്ചോടിവന്ന പുതുസൂര്യൻ തിരിഞ്ഞുനോക്കി കളിയാക്കുംവരെ കടൽ ചിരിക്കട്ടെ..

കുലുങ്ങി തുളുമ്പി ചിരിക്കട്ടെ..”

 

   * * * END * * *