കേവലമൊരു ഒന്നേമുക്കാൽ വയസ്സുകാരി വീട്ടിലെ സമാധാനത്തിനും സ്വച്ഛതയ്ക്കും ഉയർത്തുന്ന കടുത്ത വെല്ലുവിളികൾ കുറയ്ക്കാൻ ഞങ്ങൾ കണ്ട പരിഹാരങ്ങളിൽ ഒന്നാണ് ഒഴിവുദിനങ്ങളിലെ ചെറുയാത്രകൾ. ബീച്ചുകളും, കൊച്ചു സഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ തിരുവനന്തപുരം അതിനു പറ്റിയയിടവും! സ്ഥിരം റൂട്ടിൽ നിന്നും ഇക്കഴിഞ്ഞ വേനലിലെ ഒരു ദിവസം ഞങ്ങൾ ദിശയൊന്നു മാറ്റിപ്പിടിച്ചു. വർക്കല-നെടുങ്കണ്ട വഴി അഞ്ചുതെങ്ങു കോട്ടയും, പെരുമാതുറ പാലത്തിലെ സൂര്യാസ്തമനവും കണ്ടു മടങ്ങാനായിരുന്നു ആ സായാഹ്നത്തിലെ ഞങ്ങളുടെ ഉദ്ദേശം. തീരദേശ പാതയിലൂടെ ഒരു അലസസായാഹ്ന യാത്ര..

ഉത്സവകാലത്തു അലങ്കാര വിളക്ക് മത്സരം നടക്കുന്ന ക്ഷേത്രമാണ് നെടുങ്ങണ്ട. അലങ്കാര ദീപ മത്സരം പ്രശസ്തിയാർജ്ജിച്ചു വരുന്നതിന്റെ പോസ്റ്റുകളും വാർത്തകളും കണ്ടു പൊറുതിമുട്ടിയപ്പോൾ ഇത്രയടുത്തു ഇത്രയും വലിയ സംഭവം നടന്നിട്ടു കണ്ടില്ലെന്നു വേണ്ട എന്ന് കരുതി മഴക്കാറ് മൈൻഡ് ചെയ്യാതെ ഞങ്ങളും വന്നിരുന്നു. ദീപാലങ്കാരങ്ങൾ അത്യുഗ്രൻ തന്നെയായിരുന്നു! ആ പ്രദേശമാകെ ആകാശത്തിലെ നക്ഷത്രങ്ങൾ താഴ്ന്നിറങ്ങിയ പോലെ! ഒടുവിൽ, അഴിക്കുംതോറും മുറുകിവന്ന ട്രാഫിക്കിൽ നിന്ന് എങ്ങനെയൊക്കെയോ രക്ഷപെട്ടു വരുമ്പോൾ ആയിരുന്നു പെരുമഴയും പാതാളം വരെ കുടുക്കുന്ന ഇടിമിന്നലും. കൂറ്റാക്കൂറ്റിരുട്ടത്തു എവിടെയോ, ഏതോ എന്നറിയാതെ ഒരു കടയുടെ ഇത്തിരിത്തിണ്ണയിൽ കയറി നിന്നു. ആ ലോകാവസാന കാഴ്ചകൾ കണ്ടു പേടിച്ചു കരയുമ്പോഴും, എനിക്കത്ഭുതം എന്റെ തോളിൽ കിടന്നു ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്ന അമ്മുകുട്ടിയെ ഓർത്തായിരുന്നു! അന്നത്തെ ആ അനുഭവം കാരണം നെടുങ്കണ്ട എന്ന് കേൾക്കുമ്പോഴേ ഇന്നും മനസ്സിൽ ഒരു ഇടിമുഴക്കമാണ്!

ഒരു കുന്നിൻമുകളിൽ ആണ് ക്ഷേത്രം. ഇങ്ങു താഴെ ക്ഷേത്രത്തിനു മുൻപിലൂടെ ഒഴുകുന്ന ആറിന്(കൈവഴി?) കുറുകെയുള്ള ഒന്നാംപാലം കടന്നു ചെല്ലുന്നതു കടലോരത്തുകൂടിയുള്ള ചിലക്കൂർ-വള്ളക്കടവ് തീരദേശപാതയിലേക്കാണ്. മഹാകവി കുമാരനാശാന്റെ ജന്മദേശമായ കായിക്കരയിലൂടെ, ഏകദേശം അഞ്ചു കിലോമീറ്ററോളം പിന്നിട്ടാൽ അഞ്ചുതെങ്ങായി. കായിക്കരയിൽ കാണാൻ 1957 -ൽ സ്ഥാപിച്ച കുമാരൻ ആശാൻ സ്മാരക കാവ്യഗ്രാമമുണ്ട്. ലൈബ്രറി, ശില്പമണ്ഡപം, ദീപഗോപുരം, ഓപ്പൺ എയർ തിയേറ്റർ, സാഗരോദ്യാനം എന്നിവയൊക്കെ ചേർന്ന ഒരു ഗവേഷണ പഠനകേന്ദ്രമാണത്.

ഇടുങ്ങിയ തീരദേശറോഡിലൂടെ തട്ടി, തട്ടിയില്ല എന്ന മട്ടിലുള്ള യാത്ര ഒരു വേള ഫോർട്ട് കൊച്ചി ബസാർ റോഡിനെ ഓർമിപ്പിച്ചേക്കും. ഇരുവശവും നിറയെ മൽസ്യബന്ധന തൊഴിലാളികളുടെ വീടുകൾ ആണ്. ഫ്രീക്കിസം കൊച്ചിയിൽ നിന്ന് നേരെ അഞ്ചുതെങ്ങിലേക്കു പറന്നിറങ്ങിയ പോലെ ഇളം തലമുറയുടെ വേഷങ്ങളും, ഹെയർ സ്റ്റൈലുകളും. ക്രിയാത്മകം എന്നേ പറയാനുള്ളൂ!

അല്പദൂരം കൂടി മുൻപോട്ടു പോയാൽ അഞ്ചുതെങ്ങു് കോട്ടയായി. കോട്ടയെ ചുറ്റി വളഞ്ഞാണ് റോഡിൻറെ കിടപ്പ്. അധികം തിരക്കില്ലാത്ത അല്പമിടുങ്ങിയ ആ റോഡിൽ വണ്ടിയൊതുക്കി. റോഡിന് എതിർ വശത്തു കറുപ്പും വെള്ളയും ചുറ്റി നിൽക്കുന്നുണ്ട് അഞ്ചുതെങ് ലൈറ്റ് ഹൗസ്.

Anjengo Fort

ആദ്യ കാഴ്ചയിൽ അത്ഭുതങ്ങൾ ഒന്നും തരാനില്ല കോട്ടയ്ക്ക്. ശാന്തത കനത്തുണ്ടായ പോലെ കറുത്തുപഴകിയ ഒരു കോട്ട. കോട്ടയുടെ മ്ലാനത അതേപടി പകർന്നു നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അപ്പൂപ്പൻ. എന്നാൽ കോട്ടവാതിൽ കടന്നു കയറുന്നത് മനോഹരമായ ഒരു പുൽത്തകിടിയിലേക്കാണ്. ഇടതടവില്ലാതെ പരന്നു കോട്ടയ്ക്കകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തളിരിളം പച്ചപ്പ്‌! അതില്ലായിരുന്നെങ്കിൽ കോട്ട വെറുമൊരു മുഷിഞ്ഞ മതിൽക്കെട്ട് മാത്രമായിപ്പോയേനെ എന്ന് തോന്നിപ്പോയി.

Inside Anjengo Fort

ചരിത്രം നോക്കിയാൽ, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ആറ്റിങ്ങൽ രാഞ്ജിയുടെ അനുമതിയോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച കോട്ടയാണിത്‌.

ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പലുകൾക്കായുള്ള ആദ്യ സിഗ്നലിങ് സ്റ്റേഷൻ ആയിട്ടാണ് കോട്ടയും സമീപത്തുള്ള ലൈറ്റ് ഹൗസും പ്രവർത്തിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ആംഗ്ലോ-മൈസൂർ യുദ്ധകാലത്തും ഒരു പ്രധാന പങ്കു വഹിച്ചിരുന്നു ഈ കോട്ട. യുദ്ധകാലത്ത്, വെടിക്കോപ്പുകളും മറ്റും ശേഖരിച്ചു വച്ചിരുന്നത് ഇവിടെ ആയിരുന്നത്രേ. അധിക ചിലവെന്ന കാരണത്താൽ 1813 -ൽ കമ്പനി ഫോർട്ട് ഉപേക്ഷിക്കുകയാണുണ്ടായത്.

Beautiful greenery inside Anjengo Fort

കോട്ടയുടെ മുകളിലൂടെ നാലു ഭാഗത്തുകൂടിയും ആളുകൾ നടക്കുന്നുണ്ട്. അവിടെ കയറി നിന്നാൽ കടലും, ലൈറ്റ് ഹൗസും മറ്റും നന്നായി കാണാം. പുറത്ത് കോട്ടയോടു ചേർന്ന് തിങ്ങിനിറഞ്ഞു വീടുകളാണ്. കോട്ട സന്ദർശിക്കുന്നവരെ കാണാൻ വേണ്ടി വീടുകൾക്ക് മുകളിൽ കയറി നിൽക്കുന്ന കുമാരന്മാരെ ചെറു ചിരിയിലൊതുക്കി ഞങ്ങൾ കോട്ട കാണൽ തുടർന്നു.

അവിടെയും ഇവിടെയും അൽപ സ്വല്പം കേടുപാടൊക്കെ ഉണ്ട് കോട്ടയ്ക്ക്! ചില പുതുക്കി പണികളും നടന്നിട്ടുണ്ട്. മതിലിൽ നിന്ന് നോക്കിയപ്പോഴാണ് കോട്ടയ്ക്കു പിറകു വശത്തെ പ്രവേശനമില്ലാതിരുന്ന ഭാഗം കാണാനിടയായത്. പിറകിൽ അഞ്ചാറു തൂണുകൾ നിരന്നു നില്കുന്ന ചെറിയൊരു ഭാഗം കൂടിയുണ്ട്. കോട്ടമുഖം ആയിരിക്കുമോ? അങ്ങോട്ടേക്കുള്ള ഗേറ്റ് അടച്ചിരിക്കുന്നത് എന്തിനെന്നു വ്യക്തമല്ല. അവിടെയും പച്ചപുൽത്തകിടിയുടെ തുടർച്ച തന്നെ.

The closed front area of the Anjengo Fort

കോട്ടയ്ക്കു കുറുകെ ഉള്ള മതിലിനു വീതിയില്ലാത്തതിനാൽ സ്വതവേ ബാലൻസ് കുറവായ ഞാൻ അതിലൂടെ നടക്കുന്ന കാര്യം ചിന്തിച്ചതേയില്ല. മറ്റു അത്ഭുതങ്ങളൊന്നും മറുഭാഗത് ഇല്ല എന്ന് അവിടെ ഉള്ള മുഖങ്ങളിൽ നിന്നു വായിച്ചെടുത്തു. അതുകൊണ്ട് തിരക്കില്ലാത്ത, ശാന്തമായ ഒരു ദേശിയ സ്മാരകം കണ്ട സന്തോഷത്തോടെ ഞങ്ങൾ തിരിച്ചിറങ്ങി. ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചകൾ ഒഴിവാക്കാനാവാത്തതാണെങ്കിലും കുട്ടിയുള്ളതിനാൽ തത്ക്കാലം അതും വേണ്ടെന്നു വച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ കുരുമുളകിനും, കൈത്തറി വസ്ത്രത്തിനും, കയറിനും പുകൾപെറ്റ നാടായിരുന്നുത്രേ അഞ്ചുതെങ്. ഇന്നിവിടെ ചരിത്രത്തിന്റെ ബാക്കിപത്രമായിട്ട് കോട്ടക്ക് പുറമെ, പോർച്ചുഗീസ് പള്ളികളും, പുരാതന കോൺവെന്റും, സ്കൂളും ഉണ്ടെന്നു പറയപ്പെടുന്നു.

കോട്ട പിന്നിട്ടു മുന്നോട്ട്..

ഇടതും വലതും ആറും കടലും ഒളിഞ്ഞും തെളിഞ്ഞും കൂടെയുണ്ട്. അല്പം കൂടി മുൻപോട്ടു പോയപ്പോൾ വാമനപുരം നദി വന്നു ചേർന്ന് കൈവഴി വിശാലമായ ഒരു ജലപരപ്പായി മാറി. നോക്കിനോക്കിയിരിക്കെ ആറ്റിൻകര സജീവമായിത്തുടങ്ങി. നിറപ്പകിട്ടുള്ള പുത്തൻവലകൾ.. വന്നും പോയുമിരിക്കുന്ന ബോട്ടുകൾ.. കൂട്ടമായിരിക്കുന്ന മത്സ്യത്തൊഴിലാളികൾ.

ഇരുവശത്തേയും ജലസമൃദ്ധി ഞങ്ങൾ സഞ്ചരിക്കുന്ന പാതയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. റോഡിനിരുവശത്തും കരയുടെ വീതി കുറഞ്ഞു വരികയാണെങ്കിലും, അതിനിടയിൽ ആവുന്നത്ര വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ഓലക്കൂര മുതൽ പച്ചയും, വെള്ളയും, പിങ്കും, നീലയും നിറങ്ങളിൽ ചെറുതും വലുതുമായ, പുതിയതും, പഴയതും, ഇനിയും പണിതീരാത്ത കോൺക്രീറ്റ് വീടുകൾ വരെ! പല വീടുകളുടെയും പിൻഭാഗം കടൽഭിത്തിയോട് ചേർന്നാണിരിക്കുന്നത്. ഇടയ്ക്കിടെ കാണുന്ന തകർന്ന കടൽഭിത്തിയും, വീടിന്റെ അവശിഷ്ടങ്ങളും പല സങ്കടങ്ങളും വിളിച്ചു പറയുന്നതായി തോന്നി…

The beach Road

അടുക്കുംതോറും തനിസ്വരൂപം കാട്ടിത്തുടങ്ങി കടൽ. മുഴക്കത്തോടെ തിരമാലകൾ കൽഭിത്തിയിൽ ആഞ്ഞിടിക്കുന്നു. ശക്തി കൂടിയവ ഭിത്തിയും കടന്നു വന്ന് വീട്ടുമുറ്റത്തെ പാത്രങ്ങൾ മറിച്ചിടുന്നുണ്ടായിരുന്നു. തിര വരുന്നത് ജനലിലൂടെ കണ്ടു റോഡിലേക്ക് എടുത്തു ചാടി ഓടുന്ന ചെറുക്കന്മാരെയും ഞങ്ങൾ കണ്ടു. കടലും, കടൽക്കരയിലെ ജീവിതങ്ങളും തമ്മിലുള്ള ഉരസലുകൾ..

ആ നെട്ടോട്ടങ്ങൾ കണ്ടു കണ്ണുമിഴിച്ചിരിക്കാനേ എനിക്കാവുമായിരുന്നുള്ളു. ഒന്നോ രണ്ടോ വേനൽ മഴ പെയ്തപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ എത്ര ഭീകരമാകും മഴക്കാലത്ത്?! ആ വീട്ടുകാരുടെ മുഖങ്ങളിൽ ബാക്കിയാകുന്നത് ‘ഇന്നിത്തിരി കടുപ്പമാണെല്ലോ’ എന്നൊരു ഭാവം മാത്രം..

‘Mini Beach’

ഇടയ്ക്കു റോഡിലേക്ക് അടിച്ചുകയറുന്ന കടൽ കണ്ടൊന്നു നിന്നു.. കുറച്ചു പാറക്കല്ലുകൾ ഇട്ടു തടയൊരുക്കിയ ഒരു കൊച്ചു മണൽത്തിട്ട. ഒരു മൈക്രോ മിനി ബീച്ച് എന്നൊക്കെ പറയാം. അതുവഴി കടന്നു വന്നപ്പോൾ അല്പമൊന്നു പേടിക്കാതിരുന്നില്ല. കടൽഭിത്തിയുടെ ഔദാര്യം കൊണ്ട് നിലകൊള്ളുന്ന, സദാ തിരയുടെ നനവ് തട്ടിക്കിടക്കുന്ന ആ റോഡിലൂടെ ചെറുതായെങ്കിലും ഒന്ന് നനയാതെ കടന്നു പോകുക ദുഷ്ക്കരം. ഉപ്പുവെള്ളം ഒലിപ്പിച്ചു നിൽക്കുന്ന കുരിശടിയും, അണഞ്ഞ മെഴുകുതിരികളും ഒരല്പം നൊമ്പരപെടുത്തിയോ?

കാവ്യാത്മകമായ ബോർഡ്

ഇതാണ് താഴംപൂവുകളുടെ നാടായ താഴംപള്ളി! ഇതെന്റെ വർണ്ണനയല്ല. വഴിയരികിലെ ബോർഡിൽ കണ്ടതാണ്. താഴമ്പൂ എന്നാൽ കൈത ആണെന്ന് പിന്നീടാണ് മനസ്സിലായത്. തോട്ടിന്കരയിലൊക്കെ തഴച്ചു വളരുന്ന കൈതയുടെ പൂ വാസനയെപ്പറ്റി പുകഴ്ത്താത്തവർ ചുരുക്കം. ആറും, തോടും, കായലും, കടലും എല്ലാമുള്ള ഈ കൊച്ചു നാടിനു ഇതിൽക്കൂടുതൽ ചേരുന്നൊരു വർണ്ണനയില്ല!

Fishing nets inside the Muthalapozhi Harbour

Backwater

Backwater

Backwater

താഴമ്പൂ മണത്തിനായി ആഞ്ഞു ശ്വസിച്ചാൽ ചിലപ്പോ നല്ല മൽസ്യഗന്ധമാകും കിട്ടുക. കാരണം, കാവ്യഭംഗി നിറഞ്ഞ ബോർഡിൽ സമീപമാണ് സജീവമായ മുതലപൊഴി ഹാർബർ. നല്ല പിടച്ചോണ്ടിരിക്കുന്ന മീനുകളെ വാങ്ങാം. ഉണക്കമത്സ്യങ്ങൾ വേറെ. നാട്ടുകാരുടെ വരുമാനമാർഗ്ഗങ്ങൾ! ഇവിടെ നിന്നും ഒന്ന് നീട്ടിനോക്കിയാൽ റോഡിൻറെ അവസാനം വിശാലമായ, പുത്തൻപൊലിമ മങ്ങിത്തുടങ്ങാത്ത ഒരു പാലം കാണാം. അവിടേക്കാണ് നമുക്ക് പോകേണ്ടത്.

പെരുമാതുറ-താഴംപള്ളി പാലം!

സാധാരണ ഏതൊരു പാലവും കയറുന്ന ലാഘവത്തോടെ തന്നെ ഈ പാലവും നമുക്ക് കയറാം. പക്ഷേ പാലം കൈകുമ്പിലേക്കെടുത്തുയർത്തുന്നത് ഒരു വിശാലലോകത്തേക്കാണ്. വൈകുന്നേരം കൂടിയാണെങ്കിൽ, വിസ്മയാവഹം! കഠിനംകുളം കായലിനെ തൊട്ടു തലോടി വരുന്ന പാർവതി പുത്തനാറും, വാമനപുരം നദിയും കൂടിക്കലർന്നു അസ്തമന സൂര്യന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ വീണലിയുന്ന കാഴ്ച.. ഇടുങ്ങിയ വഴികളിൽ നിന്ന് ചുരുൾ വിരിയുന്ന വിശാലത. ഇതുവരെ കണ്ട കാഴ്ചകൾ മറക്കാം.. ഏറ്റ കാറ്റു മറക്കാം..ഒരു നിമിഷം നമുക്കു നമ്മളെ തന്നെ മറക്കാം.

Muthalapozhi – Perumathura Bridge

ഒരു പാലം തന്നെ ഒരു വിനോദസഞ്ചാര കേന്ദ്രമാകുക എന്നത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 2000-ൽ മുതലപൊഴി തുറമുഖ/ടൂറിസം പ്രൊജക്റ്റ് പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുന്ന ആദ്യത്തെ കാൽചുവടാണ് തിരുവനന്തപുരം-വേളി-പെരുമാതുറ റോഡിനെ അഞ്ചുതെങ്ങ്-വർക്കല-കൊല്ലം റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലം.

2012 -ൽ ആണ് ഭർത്താവിനൊപ്പം ഞാനിവിടെ ആദ്യമായി വന്നത്. അന്നിവിടെ ഇത്രത്തോളം പ്രശസ്തം അല്ലാത്തതിനാലും, മഴക്കാലമായതിനാലും ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പണി നടക്കുന്ന പാലത്തിന്റെ അസ്ഥികൂടം കണ്ടതോർമ്മയുണ്ട്. ആ പാലത്തിന് ജീവൻ വച്ച് 2015 -ൽ ഉദ്‌ഘാടനം കഴിഞ്ഞതോടെ മുതലപൊഴിയുടെ വിധി തന്നെ മാറിപ്പോയി. എന്നും പത്രങ്ങളിൽ വാർത്ത, ഫേസ്ബുക്കിൽ ചെക്ക് ഇൻ ബഹളങ്ങൾ… ആദ്യത്തെ ആവേശം കെട്ടടങ്ങിയിട്ടാണ് വീട്ടിൽ നിന്നും പതിന്നാലു കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടേയ്ക്ക് ഞങ്ങൾ വീണ്ടും വന്നത്, കുഞ്ഞു അമ്മുകുട്ടിയോടൊപ്പം.

തിരുവനന്തപുരത്തിന്റെ മുറ്റത്തു വിരിഞ്ഞ ഈ മുല്ലയ്‌ക്ക് ഇന്നും നല്ല മണമുണ്ടെന്നു റോഡിനിരുവശത്തും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പറയും. നീണ്ടു പോകുന്ന കായൽ-കടൽ കാഴ്ചകൾ. നദികളെല്ലാം ശാന്തമായി പ്രയാണം അവസാനിപ്പിച്ചു കടലിലലിയുന്ന ഓളപ്പരപ്പിലൂടെ ധാരാളമാളുകൾ ബോട്ടിംഗ് നടത്തുന്നുണ്ട്.

Estuary

അഴിമുഖത്തു ഇരുവശത്തും കൽവഴിയുണ്ട്, കടലിനെ ഇറങ്ങിച്ചെന്ന് തൊടാനെന്നപോലെ! ഒരു വശത്തു കൊച്ചു കടകൾ.. കടകൾക്കു പിറകിലായി പുലിമുട്ട് നിർമാണം, പുതിയ പുലിമുട്ടുകൾ ഒരു പ്രദേശമാകെ നിരത്തിവച്ചിരിക്കുന്നു. ഇരു കരകളിലും വിശാലമായ മണൽത്തിട്ട ഉണ്ടെങ്കിലും മണലിലൂടെ തൊട്ടു തലോടി നുരഞ്ഞു പൊങ്ങി ഓടിക്കയറിവരുന്ന നിഷ്കളങ്കത നിറഞ്ഞ തിരകളില്ലിവിടെ. തൊടാൻ ചെന്നാൽ, ഓടിച്ചിട് മറിച്ചിടാനെന്ന പോലെ അലറി പാഞ്ഞടുത്തുവരുന്ന അരിശംമൂത്ത തിരകളാണ്. ഒരിക്കൽ തിര ആർത്തു വരുന്നത് കണ്ടു കുട്ടിയേം എടുത്തുകൊണ്ടോണ്ടിയ എന്നേ കണ്ടു ചിരിച്ചുകൊണ്ട് ഒരു അമ്മാവൻ പറഞ്ഞു, ‘ഇവിടെ പേടിക്കണ്ട, വെള്ളം മണലിൽ അലിഞ്ഞോളും, പക്ഷെ അപ്പുറം പോയാൽ കടൽ വലിക്കും..!’

പുല്ലു മൂടിയ മണൽകുന്നുകൾ

ശരിയാണ്! കടലിൽ കുളിക്കാനോ, കൂട്ടുകൂടാനോ നിൽക്കണ്ട എന്ന മുന്നറിയിപ്പുമായി ഒരു ചുവന്ന ബോർഡ് അവിടെക്കണ്ടു.

തുറമുഖ/ടൂറിസം പദ്ധതിപ്രകാരമുള്ള നിർമ്മാണജോലികൾ ഇപ്പോഴും നടക്കുന്നുണ്ടിവിടെ. അശാസ്ത്രീയ നിർമ്മാണ രീതികൾ കൊണ്ട് കടലിലെ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് കേട്ടിരുന്നു.. മത്സ്യബന്ധന ബോട്ടപകടങ്ങൾ സ്ഥിരമാണെന്നു തീരത്തു കിടക്കുന്ന ബോട്ടവശിഷ്ടങ്ങൾ പറയുന്നുണ്ട്.

ആഴംകൂട്ടാൻ പണ്ടെപ്പോഴോ വാരിയ മണൽ ആയിരിക്കാം കരയിൽ കൂട്ടിയിട്ടിരിക്കുന്നു. ആ ചെറിയ മണൽകുന്നുകളിൽ പുല്ലുകൾ പടർന്നുകയറിയിട്ടുണ്ട്, ഇടയ്ക്കിടെ കുരുത്തു തുടങ്ങിയ പൈൻ മരത്തൈകളും. ഈ പച്ചപ്പ്‌, ബീച്ച്, ഹാർബർ ഒക്കെയും കല്യാണ വിഡിയോക്കാരുടെ ഇഷ്ടസ്ഥലമാണ്. 2012-ൽ ഞങ്ങളിവിടെ വന്നതും വേറൊന്നിനല്ല!!

ആരും കാണാൻ കൊതിക്കുന്ന ഈ മാസ്മരികത പൂർണ്ണമായി ആസ്വദിക്കാൻ ഇനിയും ഒരുപാട് സുരക്ഷയും, സൗകര്യങ്ങളും വരേണ്ടതുണ്ട്. വീണ്ടും മുഖം മിനുക്കി ഭാവിയിൽ ആരും കാണാൻ കൊതിക്കുന്നൊരു സുന്ദരഭൂമിയാകട്ടെ എന്ന് തത്കാലം ആശംസിക്കാം…

പാലത്തിൽ നിന്നുള്ള ഒരു ആകാശ കാഴ്ച

ഇവിടെ ഏതു ഭാഗത്തു നിന്നാലും സൂര്യാസ്തമനം കാണാൻ സുന്ദരം തന്നെ! എങ്കിലും പാലത്തിൽ നിന്നുള്ള കാഴ്ച തന്നെ കേമം. വഴിയേ പോകുന്നവരൊക്കെയും വണ്ടിയൊന്നൊതുക്കി തെല്ലിട ആ കൈവരിയിൽ നിന്നു കാഴ്ചകൾ കണ്ടിട്ടേ പോകൂ. ഭർത്താവ് വണ്ടി മാറ്റി പാർക്ക് ചെയ്യാൻ പോയ സമയത്ത് ഞാൻ കൽവഴിയിലും, പാലത്തിലും, ബീച്ചിലും കയറിയിറങ്ങി ഓടിനടന്ന് സൂര്യാസ്തമന ഫോട്ടോകൾ എടുത്തു.

സൂര്യാസ്തമനം – പാലത്തിൽ നിന്നുള്ള കാഴ്ച

സൂര്യാസ്തമനം – പാലത്തിൽ നിന്നുള്ള കാഴ്ച

അമ്മുകുട്ടിയെയും എടുത്തുകൊണ്ടുള്ള ഈ സാഹസത്തിനൊടുവിൽ ഞാൻ കാലുകുഴഞ്ഞു ഒരു പരുവമായി. എങ്കിലും, ഏന്തിയും ഇഴഞ്ഞും വീണ്ടും മുന്നോട്ട് നടന്നു.

ബീച്ചിൽ ഫുട്ബോൾ കളിച്ചു തകർക്കുകയാണ് കുട്ടിസംഘങ്ങൾ. മണൽത്തിട്ട അവസാനിക്കുന്നയിടത്ത്, ഒരു കൽ വഴി കൂടി കാണാം.. അതിന്റെ അപ്പുറം നീണ്ടു നീണ്ടു പോകുന്ന കടൽഭിത്തിയാണ്. അവയുടെ ചേർന്ന് വീടുകളും. ആ കടൽഭിത്തി കൽപാതയുമായി ചേരുന്നയിടത്തെ പാറകൾക്കുമേൽ കയറിയിരുന്നു. ഇവിടെ ഇരുന്നാൽ കടൽഭിത്തിയോട് മത്സരിക്കുന്ന തിരകളും, കടലിലേക്ക് ഊർന്നിറങ്ങുന്ന സൂര്യനെയും കണ്ണുനിറയേ കാണാം. അറിയാതെ മനസ്സ് ശാന്തമാകും. അമ്മുവിനെയും കൊണ്ട് അവിടെയിരുന്നു ഞങ്ങൾ വിശ്രമിച്ചു.

രോഷാകുലയായ കടൽ

പകലിന്റെ അവസാന നിമിഷങ്ങൾ..

സൂര്യന്റെ അവസാന തരിവെട്ടവും കടലിൽ മാഞ്ഞതോടെ ഞങ്ങൾ എഴുന്നേറ്റു പതുക്കെ തിരിച്ചു നടന്നു. ഇരുളിനൊപ്പം ഒരു തണുത്തു കാറ്റുകൂടി ഞങ്ങളെ പൊതിഞ്ഞു. അറിയാതെ അരികിലൂടെ പോയ ആ കാറ്റിനൊരു താഴമ്പൂ മണമുണ്ടായിരുന്നുവോ?

അറിയില്ല..

എങ്കിലും, ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

* * * END * * *