ഡിസംബറിലെ ഡൽഹി (Day – 1)

Day – 1 (25/12/2016)

വർഷാന്ത്യത്തിൽ കൂട്ടുകാരും കുടുംബക്കാരും ആയി നടത്തിയ ‘സാഹസിക’ യാത്രയും യാത്രാനുഭവങ്ങളെയും കുറിച്ചാണിത്. സാഹസികം എന്ന് ഉദ്ദേശിച്ചത്, കുരുത്തക്കേടും, അനുസരണ ഇല്ലായ്മയും, നിരപ്പുള്ള നിലം കണ്ടാൽ നിലം തൊടാതെ ഓടുന്നതുമായ ഒരു അമ്മുകുട്ടിയേം കൊണ്ടായിരുന്നു എന്റെ ‘സാഹസിക യാത്ര’. നിങ്ങളിലെ കുഞ്ഞുകുട്ടി പ്രാരാബ്‌ധക്കാർക്കു ഈ ഫീൽ നന്നായി മനസിലാകും.

എന്തുകൊണ്ട് ഡൽഹി-ആഗ്ര എന്ന് ചോദിച്ചാൽ ഒരുപാട് ഉണ്ട് കാരണങ്ങൾ. ഒന്ന്, ഇതൊരു തുടക്കം മാത്രം ആണ്..രണ്ടു, ഇത്രമേൽ ചരിത്രാവശിഷ്ടങ്ങളും, സ്മാരകങ്ങളും ഒന്നിച്ചു ഒരിടത് കാണാൻ കഴിയുന്നത്..പിന്നേ, ഏതൊരാളിന്റെയും സ്വപ്നമായ ആഗ്രയിലെ ആ വെൺ സൗധം!! അത് ഒന്ന് നേരിൽ കാണുക. ഇത്രയൊക്കെ പോരെ ഡൽഹിലേക്ക് സന്തോഷത്തോടെ ഒരു ടിക്കറ്റ് എടുക്കാൻ? അല്ലെങ്കിൽ  തന്നെ നമ്മുടെ തലസ്ഥാനം കാണാതെ വേറെ എങ്ങോട് പോയിട്ടും എന്താ കാര്യം?

ഡൽഹി-ആഗ്ര-ജയ്‌പൂർ Golden-Triangle ടൂർ പാക്കേജ് ആയിരുന്നു ഞങ്ങൾ ആദ്യം പ്ലാൻ ചെതിരുന്നത്. ‘ഞങ്ങൾ’ എന്നാൽ ഞാനും ഭർത്താവും കുഞ്ഞു അമ്മുവും, ഭർത്താവിന്റെ സഹോദരനും കുടുംബവും, ഞങ്ങളുടെ ഒരു സുഹൃത്തും ഭാര്യയും. എല്ലാവരും ഐ ടി മേഖലയിൽ ഉള്ളവർ. സരസ്സർ..നല്ല ചുറുചുറുക്കുള്ള ചങ്കു ബ്രോസ് ആൻഡ് സിസ്സ്സ് ടീം! 🙂 പിന്നീട് കുട്ടികളെ ഓർത്തു ഡൽഹി ആഗ്ര ആക്കി യാത്ര ചുരുക്കി.

ഡൽഹിയിലും ആഗ്രയിലും ആയി താമസിച്ചു സ്ഥലങ്ങൾ കാണാമെന്ന തീരുമാനവും പിന്നീട് മാറ്റേണ്ടി വന്നു. കാരണം തികച്ചും അപ്രതീക്ഷിതമായി  ടീമിലെ സുഹൃത് വഴി ഹോട്ടൽ മൂന്നു ദിവസത്തേക്ക് കുറഞ്ഞ റേറ്റിൽ കിട്ടി. കൂടാതെ ടാക്സിയായി ഇന്നോവയും ഒരു മലയാളി ഡ്രൈവറേയും. രണ്ടും ഭാഗ്യമെന്നേ പറയേണ്ടു. യാത്ര ബഡ്ജറ്റിൽ നല്ലൊരു ഭാഗം സേവ് ചെയ്യാൻ സാധിച്ചു അങ്ങനെ. അതുകൊണ്ട് ഡൽഹിയിൽ തന്നെ മൂന്നു ദിവസവും തങ്ങേണ്ടി വന്നു.

ആദ്യ ആകാശ യാത്രയുടെ ആഹ്‌ളാദത്തിൽ ജനലിലൂടെ താഴേക്കു തന്നെ നോക്കി ഇരുന്നു എപ്പോഴും. അമ്മുന്റെ ഉറക്കം എനിക്ക് ഇഷ്ടം പോലെ ദിവാ സ്വപ്നം കാണാൻ അവസരം തന്നു. താഴത്തെ കാഴ്ചകൾ ഏറെ കൗതുകം ഒന്നും ജനിപ്പിച്ചില്ല…എല്ലാം ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് വ്യൂ പോലെ തന്നെ ഉണ്ട്. എങ്കിലും ഏതാണ്, എന്താണ്, എവിടെ ആണ് എന്നൊക്കെ ഓർത്തും, വെറുതെ മൊബൈലിൽ ഫോട്ടോ എടുത്തും ഇരുന്നു.. ജീവിതത്തിലെ മനോഹരമായ ഒരു ക്രിസ്തുമസ് പുലരി ആയിരുന്നു അന്ന് ആ ഉയരത്തിൽ ഇരുന്നു കണ്ടത്. ആ നല്ല തുടക്കം തന്നെ ഒരുപാട് ഊർജ്ജം തന്നു.

Window side view from Spicejet

സസ്യ ശാസ്ത്ര പഠനത്തിനും, ഗവേഷണത്തിനും ആയിട്ട് നാല് – അഞ്ചു കൊല്ലം മോശമല്ലാത്ത കാടും, കാടനുഭവങ്ങളും ആയി കൊതി തീരും മുൻപേ സാഹചര്യങ്ങളുടെ ഒഴുക്കിൽ പെട്ട് ഐ ടി മേഖലയുടെ നാല് ചുവരുകൾക്കുള്ളിൽ എത്തിപ്പെട്ട ഒരാളാണ് ഞാൻ. ഭ്രാന്തമായ ഉൾ വിളികൾ കേട്ടില്ലെന്നു നടിച്ചു ജീവിക്കുമ്പോഴും, യാത്രകൾക്ക് ഒട്ടും പഞ്ഞം ഉണ്ടായിട്ടില്ല എങ്കിലും, പച്ചപ്പിൽ അലഞ്ഞ പഴയ നല്ല നാളുകളുടെ സ്മരണകൾ ഉറങ്ങാത്ത അഗ്നിപർവതം പോലെ, നഷ്ടബോധത്തിന്റെ ചരലും പുകയും തുപ്പി മനസ്സമാധാനം കളയാറുണ്ട് പലപ്പോഴും.

സമയത്തിന് ജീവിതത്തിന്റെ വില ആണെല്ലോ.. നഷ്ടബോധത്തിനു അവിടെ സ്ഥാനം ഇല്ല. അവനവനു ആകും വിധം ആഗ്രഹങ്ങൾ തീർക്കുക എന്നതാണ് പ്രായോഗികത.

ബാംഗ്ലൂർ ഡൽഹി spicejet പതിയെ ഡൽഹിയെ അടുക്കുക ആണ്. ചെന്നിറങ്ങുമ്പോൾ നേരിടാൻ പോകുന്ന മഞ്ഞിനേം, തണുപ്പിനേം കുറിച്ചു മുന്നറിയിപ്പ് കിട്ടി. ഏറെ താമസിക്കാതെ ജനാല കാഴ്ചകൾ മഞ്ഞു മൂടി. രണ്ടര മണിക്കൂർ നീണ്ട യാത്രക്ക് ശേഷം, രാവിലെ എട്ടരയ്ക്ക് ഇന്ദിര ഗാന്ധി എയർപോർട്ടിൽ വിമാനം താഴ്ന്നിറങ്ങുമ്പോൾ മനസ്സിൽ ആവേശം ആർത്തിരമ്പി വന്നു. യാതൊരു ടെൻഷനും ഇല്ലാതെ ഇനി മൂന്നു നാല് ദിനങ്ങൾ… സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ.. കുതിച്ചുയർന്ന സന്തോഷത്തിൽ ഡെൽഹിൽ വലത് കാൽ കുത്തിയതേ തണുപ്പ് ആപാദചൂഡം വന്നങ്ങു പൊതിഞ്ഞു. ബസ്സിലേക്ക് ഒരു ഓട്ടം ആയിരുന്നു..

നേരെത്തെ സൂചിപ്പിച്ച പോലെ ഡൽഹിയിലെ ഹോട്ടൽ താമസവും, ടാക്സിയും എല്ലാം നേരെത്തെ മുൻപേ ബുക്ക് ചെയ്തിരുന്നു. വളരെ നേരെത്തെ പ്ലാൻ ചെയ്തു തുടങ്ങിയ ഒരു യാത്ര ആയിരുന്നു ഇത്. എന്ന് വച്ചാൽ മാസങ്ങൾക്കു മുൻപേ..ഈ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ പലപ്പോഴായി ഇത്രയും അല്ലെങ്കിൽ  ഇതിനെക്കാളും ദീർഘമേറിയ യാത്രകൾ നിഷ്പ്രയാസം പോയി വന്നു എന്നത് ഒരു തമാശ ആയി തോന്നി.

ഒരു മലയാളി ആയ തൊടുപുഴകാരൻ അച്ചായൻ ആയിരുന്നു ഡ്രൈവർ. ഒരു സാദാ ഡ്രൈവർ ലുക്ക് അല്ല..ഡൽഹിയിലെ തണുപ്പിനേക്കാളും കട്ടിയുള്ള ഗൗരവം ആണ് മുഖത്ത്. ഒരു ദാശാബ്ദത്തിലേറെ ആയി ഡൽഹിയുടെ ഭാഗം. സാമാന്യം തെറ്റില്ലാത്ത രാഷ്ട്രീയ പ്രവർത്തകൻ. മോദിയുടെ പരിഷ്‌കാരങ്ങൾ കുറിച്ചു സംസാരിക്കുമ്പോൾ വാക്കുകൾക്കു തീ പിടിക്കുന്നത് കണ്ടു..  പുള്ളി ഒരു ഡ്രൈവർ ആകേണ്ട ആളല്ല എന്നെനിക് തോന്നി. നല്ല അറിവും അനുഭവവും ഉള്ള ഗൈഡും കൈപുണ്യമുള്ള ഫോട്ടോഗ്രാഫറും കൂടിയാണ് അദ്ദേഹം.

കരോൾ ബാഗിൽ ആയിരുന്നു ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്. ഹോട്ടൽ Citi International. എയർപോർട്ടിൽ നിന്ന് ഏകദേശം 17km. പല തവണ മാപ്പിൽ നോക്കി വഴികളും, സ്ഥലങ്ങളും, ഹോസ്പിറ്റൽ, മാർക്കറ്റ് എല്ലാം നോക്കി വച്ചിരുന്നു. അതുകൊണ്ടു തന്നെ ഹോട്ടൽ വരെ ഉള്ള വഴി സുപരിചിതം പോലെ തോന്നി. മുൻപ് കണ്ടിട്ടില്ലാത്ത വഴികൾ സുപരിചിതം ആയി തോന്നുക!! രസകരമായ ഒരു ഫീൽ ആണത്!

ക്രിസ്തുമസ് പ്രഭാത ഭക്ഷണം ഉഡുപ്പി ഹോട്ടലിൽ നിന്നായിരുന്നു. സ്വതവേ ഡൽഹിക്കാരുടെ ബ്രേക്ക് ഫാസ്റ്റ് ആലു പറോട്ട, നാൻ എന്നൊക്കെ ആണെന്ന് അറിഞ്ഞിരുന്നു. എങ്കിലും പെട്ടെന്ന് അങ്ങ് മലയാളിത്തം കളയാൻ തോന്നിയില്ല.

എല്ലാം സുഖമായി, ഉച്ചയ്ക്കു മുൻപേ എല്ലാവരും ഫ്രഷ് ആയി തയ്യാറായി. ആദ്യം പോയത് ഓൾഡ് ഡൽഹിയിലെ റെഡ് ഫോർട്ടിലേക്ക് തന്നെ! എത്തിയിട്ടും എത്തിയിട്ടും എത്താത്ത പോലെ തോന്നി. ചാന്ദിനി ചൗക്കിലെ കച്ചവട തിരക്കെന്നു പറഞ്ഞാൽ എന്താ! റോഡിൽ ജനങ്ങൾ ഒഴുകുക ആണ്. പെട്ടെന്ന് വന്ന തണുപ്പിൽ ജാക്കറ്റ് വാങ്ങാൻ എത്തിയവരെ കൊണ്ട് ആ രാജ്യം നിറഞ്ഞുകവിഞ്ഞു. മണിക്കൂറുകൾ എടുത്തു 7 കിലോമീറ്ററുകൾ മാത്രം ഉള്ള റെഡ് ഫോർട്ടിൽ എത്താൻ. കാണാൻ പോകുന്ന പൂരത്തിന്റെ ഒരു ഏകദേശചിത്രം മാത്രം ആണിത്. ക്രിസ്തുമസ്സും, ഞായറാഴ്ചയും ഒന്നിച്ചു വരുമ്പോൾ ഉള്ള തിരക്കിൻറെ കാഴ്ചകൾ. ഉറക്കം വരുന്നുണ്ടെകിലും ഉറങ്ങാൻ മനസ്സ് കൂട്ടാക്കുന്നില്ല. എന്നും കാണുന്ന കാഴ്ചകൾ അല്ല ചുറ്റിനും. കണ്ണും ചെവിയും തുറന്നു ഇരിക്കാൻ മനസ്സ് പറയുന്നു.

പുറത്തേക്കു തന്നെ നോക്കി ഇരുന്നു. കൂമ്പാരം കൂടി ഇട്ടിരിക്കുന്ന ജാക്കെറ്റുകളും സോക്‌സുകളും. തണുപ്പകറ്റാനുള്ള സമഗ്രഹികൾ മാത്രമേ  കാണാൻ കഴിയുന്നുള്ളു. കൊച്ചു പിള്ളേർ വരെ കച്ചവടക്കാർ ആയിട്ടുണ്ട്. പറ്റിയ ഇടം കണ്ടു പിടിച്ച കച്ചവടം തുടങ്ങും മുൻപേ തന്നെ ആളുകൾ വട്ടം കൂടി കഴിയും. എല്ലാത്തരം ജാക്കെറ്റുകളും ഉണ്ട്. വാങ്ങി അപ്പോൾ തന്നെ ധരിച്ചു കൊണ്ട് പോകുന്നു. തിക്കും തിരക്കിനേം പെട്ടെന്ന് ദൂരേക്ക് എറിഞ്ഞു കൊണ്ട് വണ്ടി വലതു വശത്തെ റെഡ് ഫോർട്ട് പാർക്കിംഗ് പരിസരത്തേക്ക് കേറി.

ഇരുന്നൂറു കൊല്ലത്തോളം മുഗളർ  വാണിരുന്നിടം. റെഡ് ഫോർട്ടിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കുന്നത് തന്നെ സുഖകരം ആണ്. കൈവരിക്കും തൊട്ടു താഴെ വലിയ കിടങ്ങാണ്‌. ശത്രുക്കളുടെ നൂണ്ടുകേറ്റം ഇല്ലാതാക്കാൻ കോട്ടക്ക് ചുറ്റും കിടങ്ങും, കിടങ്ങിൽ വെള്ളവും, വെള്ളത്തിൽ നിറയെ മുതലകളും ഉണ്ടായിരുന്നു. ഏറെ നടന്നു വേണം കോട്ടക്ക് മുൻപിലെത്താൻ. അവിടെ ആണ് ടിക്കറ്റ് കൌണ്ടർ. റെഡ് ഫോർട്ടും പരിസരവും സദാ നിരീക്ഷണത്തിൽ ആണ്. സ്വാതന്ത്ര്യ ദിനം അടുക്കുംതോറും പട്ടാളക്കാരുടെ പിടിയിലാകും ഇവിടം. ഡെമോൺറ്റിസേഷന്റെ ഫലമായി എടിഎം/ബാങ്കിൽ ഒക്കെ രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന ആത്മവിശ്വാസമൊക്കെ ഇവിടുത്തെ ക്യൂ കണ്ടതോടെ ആവി ആയി പോയി. കുറച്ചു സമയമേ കയ്യിൽ ഉള്ളു. റെഡ് ഫോർട്ട് തൽക്കാലം ഉപേക്ഷിക്കാൻ തീരുമാനിച്ചു. സാരമില്ല, ഇതേ നിർമ്മിതിയിൽ ഉള്ള ആഗ്ര ഫോർട്ട് കണ്ടു ആശ തീർക്കാം എന്ന് ഡ്രൈവർ സമാധാനിപ്പിച്ചു. ഡൽഹിയെ അറിഞ്ഞുതുടങ്ങിയ ഞങ്ങൾക്ക് ആവേശം ഏറെ നൽകി റെഡ് ഫോർട്ട്.

Red Fort Area

In front of Red Fort

രണ്ടാമത് വണ്ടി തിരിഞ്ഞത് രാജ്ഘട്ടിലേക്കു ആണ്. മഹാത്മാ ഗാന്ധി അന്ത്യനിദ്ര കൊള്ളുന്ന പുണ്യ സ്ഥലം. രാജ് ഘട്ടിനോട് ചേർന്ന് ഈ മഹാ രാജ്യത്തിന് സേവനം ചെയ്തു കടന്നു പോയ ഒരുപാട് മഹാന്മാരും മഹതികളും അന്ത്യവിശ്രമം ചെയുന്നു. ജവാഹർലാൽ നെഹ്‌റു, ജഗ് ജീവൻ റാം, സെയിൽ സിംഗ്, ചന്ദ്ര ശേഖർ, ശങ്കർ ദയാൽ ശർമ്മ, ഗുജ്റാൾ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു അങ്ങനെ ഒരുപാട് പ്രമുഖർ. ഓരോ സമാധി സ്ഥലവും ഉചിതമായി നാമകരണം ചെയ്തിരിക്കുന്നു. വിശാലമായ പുൽത്തകിടിയും, പൂന്തോപ്പും നിറഞ്ഞ ഏക്കറുകൾ ആണ് ഓരോ സമാധി സ്ഥലത്തോടും അനുബന്ധിച്ചുള്ളത്. പ്രമുഖർ രാജ് ഘട്ട്  സന്ദർശിക്കുമ്പോൾ ഓരോ വൃക്ഷ തൈ നടുന്നു. സമാധി സ്ഥലവും പരിസരവും അർഹിക്കുന്ന രീതിയിൽ തന്നെ സംരക്ഷിക്കപെടുന്നുണ്ട്.  സ്കൂൾ കുട്ടികളുടെ തിരക്കായിരുന്നു അവിടെ. ഇത് പോലെ ഗൗരവസ്വഭാവമുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ടതായ ഒരു മര്യാദയും, അച്ചടക്കവും അവിടെ കണ്ടില്ല. എല്ലാവരും കിട്ടിയ സ്വാതന്ത്ര്യത്തിൽ മതി മറന്നു സന്തോഷിക്കുന്നു.. കൂവി വിളിക്കുന്നു…

Raj Ghat

Well maintained garden of Raj Ghat

പണ്ടാര റോഡിൽ എവിടെയോ ഉള്ള ഒരു റെസ്റ്റോറന്റിൽ നിന്നും അത്ര ചെറുതല്ലാത്ത ഉച്ചഭക്ഷണം കഴിച്ചു, ആ മുറ്റത്തു കണ്ട പാമ്പാട്ടിയെയും നോക്കി നിന്നു. സമീപം ആരോ ഹാർലി, സുസുക്കി, കാവസാക്കി എന്നിവയുടെ മുന്തിയ ബൈക്കുകൾ കൊണ്ട് നിര നിരയായി വച്ചിരിക്കുന്നു. അതിൽ കേറാനും, ഫോട്ടോ എടുക്കാനും പിള്ളേർ നിന്നു തള്ളുകയാണ്. മൂടൽ മഞ്ഞിൽ പകൽ പെട്ടെന്ന് അണഞ്ഞു. ഇന്ത്യ ഗേറ്റ് കൂടി ഉണ്ട് കാണാൻ. ഡൽഹിയുടെ സായാഹ്നം ചിലവിടാൻ ഏറ്റവും നല്ല സ്ഥലം ഇന്ത്യ ഗേറ്റ് ആണെന്ന് വായിച്ചിരുന്നു. ഓരോന്നൊക്കെ വായിച്ചിട്ട് കേറി ചെല്ലുമ്പോൾ ഉള്ള അവസ്ഥ !!! ഒറ്റ വാക്കിൽ പറഞ്ഞാൽ ജനസമുദ്രം!

Crowded Christmas day at India Gate.

എങ്ങനെ ഇന്ത്യ ഗേറ്റിന്റെ അടുത്തെങ്കിലും എത്തുമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ജനത്തിരക്കിൽ, തിക്കിയും തിരക്കിയും ഓളം ചേർന്ന് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എന്റെ ജോലി കൂടി. കുഞ്ഞിനേം, വിലപ്പെട്ട സാധനങ്ങളും ശ്രദ്ധിച്ചാൽ മാത്രം പോരാ, നമ്മുടെ ഓരോ അടിയും സൂക്ഷിച്ചു വേണം നീങ്ങാൻ. കാരണം അശ്രദ്ധമായി നടന്നു കേറുന്നത് ആരുടെ എങ്കിലും ഫ്രെമിൽ ആയിരിക്കും. പിന്നെ ഏതു ഭാഷയിൽ എന്താണ് പറഞ്ഞത് എന്നോർത്തു കുണ്ഠിതപ്പെടണം..എന്തിനാ വെറുതെ..!?! സെൽഫിക്കും ക്യാമെറക്കും പോസ്സ് ചെയ്തു എല്ലാരും പ്രതിമ കണക്കെ പുഞ്ചിരിച്ചു നില്കുന്നു. ഏറെ പണിപ്പെട്ടാണ് ഇന്ത്യ ഗേറ്റിന്റെ ഫോട്ടോ എടുക്കാൻ പറ്റിയത്. ഒരു കയ്യിൽ വേറെ ആരുടേം കൂടെ പോകാതെ ശാഠ്യം പിടിക്കുന്ന അമ്മു. മറ്റേ കയ്യിൽ കാമറയും. ഒറ്റ കൈ കൊണ്ട് കാമറ കൈകാര്യം ചെയ്യാൻ ഏറെക്കുറെ ശീലമായി കഴിഞ്ഞു.

Beside India Gate

1914  – 21 കാലയളവിൽ മരിച്ച 82000 സൈനികരുടെ ഓർമ്മകളും പേറി നില കൊള്ളുന്ന ഇന്ത്യ ഗേറ്റിന്റെ ഇരു വശങ്ങളിലുമായി ആ കാലയളവിൽ സേവനമനുഷ്ഠിച്ച 13,300 സൈനികരുടെ പേരുകൾ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. യുദ്ധ സ്മാരകം എന്നതിലുപരി നിർമ്മാണചാതുരിയിൽ ലോക പ്രശസ്തമായ മറ്റു പല ആർച്ചുകളോടും കിട പിടിക്കുന്നതാണ് ഇന്ത്യ ഗേറ്റ്. റോമിലെ കൊളോസിയം, മുംബൈയിലെ ഗേറ്റ് വേ ഒക്കെ ഉദാഹരണങ്ങൾ.

ആ ജനക്കൂട്ടത്തിൽ നിൽക്കുന്നതും, തിരയിളക്കം കൂടിയ വെള്ളക്കെട്ടിൽ നിൽക്കുന്നതും ഒരുപോലെ ആണ്. ആടിയും ഉലഞ്ഞും, കാലുറക്കാതെയും, തെന്നി വീഴാതെയും നിന്ന് ഇന്ത്യ ഗേറ്റിൽ കോറി ഇട്ടിരിക്കുന്ന സൈനികരുടെ പേര് വായിക്കാൻ ഒരു വിഫലശ്രമം നടത്തിനോക്കി. ഒടുവിൽ കുട്ടിയുടെ സുരക്ഷാ ഓർത്തു മനസ്സില്ല മനസ്സോടെ പിൻവലിയുമ്പോൾ ‘അമർ ജവാൻ  ജ്യോതി’യുടെ നാളങ്ങളെ നോക്കി മനസ്സിൽ സല്യൂട്ട് ചെയ്തു.

Behind India Gate

മനസ്സിൽ സ്വപ്നം കണ്ട ഡൽഹിയും ഞാനിപ്പോൾ നേരിൽ കാണുന്ന ഡൽഹിയും തമ്മിലുള്ള സാദൃശ്യം സാദൃശ്യമില്ലായ്മയും ആണ് മനസ്സിൽ ഓർത്തു കൊണ്ടിരുന്നത്. ഇരുട്ടിൽ നാളങ്ങൾക് പ്രകാശം കൂടി കൂടി വരവേ, ഇന്ത്യ ഗേറ്റ് കണ്മുൻപിൽ നിന്ന് അകന്നു അകന്നു പോയിക്കൊണ്ടിരുന്നു. പല കുറി തിരിഞ്ഞു നോക്കി ഫോട്ടോകൾ എടുത്തു..തിരിച്ചു വണ്ടിയിൽ എത്തും വരെ അത് തുടർന്നു.

India Gate – Night View

ഡൽഹിയിലെ ആദ്യ ദിനം കരോൾ ബാഗിലെ കച്ചവട തെരുവിൽ തീർക്കാൻ ഞങ്ങൾ തീരുമാനിച്ചു. നല്ല തണുപ്പും തിരക്കുമുള്ള തെരുവാണ്‌. തൊട്ടടുത്താണ് ഞങ്ങൾ തങ്ങുന്ന ഹോട്ടൽ. ടെൻഷൻ കൂടാതെ എത്ര നേരം വേണമെങ്കിലും ചിലവിടാം. ഒന്നും വാങ്ങാതെ കാഴ്ചകൾ കണ്ടുകൊണ്ടു കുറെ ദൂരം ഞാൻ നടന്നു. കൂടുതൽ സ്വെയ്റ്റർ, ജാക്കറ്റ് ഒക്കെ ആണ്.. വില പേശി പേശി ഞങ്ങൾ നീങ്ങി.. തണുപ്പത്തു ഇടുന്ന ഉടുപ്പുകൾ വാങ്ങാൻ മനസ്സ് വരുന്നില്ല..കാരണം തിരുവനന്തപുരത്തു സ്വെയറ്ററും ജാക്കറ്റും ഒക്കെ ഒരു കോമഡി ആണ്. എപ്പോഴും ചൂടുള്ള ഒരു സ്ഥലം ആയിട്ടാണ് എനിക്ക് തിരുവനന്തപുരം തോന്നിയിട്ടുള്ളത്. തണുപ്പും, തിരക്കും ബഹളവും അമ്മുവിൻറെ ഉറക്കത്തെ ശല്യം ചെയ്തു തുടങ്ങിയപ്പോൾ, അവളെ ഒരുപാട് കഷ്ട്ടപെടുത്താതെ ഞങ്ങൾ അന്നത്തേക് ഷട്ടർ ഇട്ടു. അടുത്ത എവിടെയോ ആണ് ഹോട്ടൽ എന്നുടെ അറിയാമെങ്കിലും, ചക്രവ്യൂഹത്തിൽ  അകപെട്ട പ്രതീതി..അവസാനം ഒരു സൈക്കിൾ റിക്ഷയുടെ സഹായം വേണ്ടി വന്നു തിരിച്ചെത്താൻ.

– തുടരും

 

  *****************************************