ഡിസംബറിലെ ഡൽഹി (Day – 2)

Day – 2  (26/12/2016)

ഇന്നായിരുന്നു ആ സ്വപ്നസുന്ദര താജ് മഹൽ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടീമിൽ അവിചാരിതമായുണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ ആഗ്ര യാത്ര ചൊവ്വാഴ്ചയിലേക്കു മാറ്റി വീണ്ടും ഡൽഹിലേക്ക് തന്നെ ഊളിയിട്ടിറങ്ങി. തലേ ദിവസത്തെ തണുപ്പ് മനസ്സിൽ കണ്ടു വളരെ തയ്യാറെടുപ്പോടെ ആണ് ഞങ്ങൾ ഇറങ്ങിയത്. ജാക്കറ്റും, ഷോളും, തൊപ്പിയും, സോക്‌സും ഇട്ടു ഇറങ്ങിയപ്പോൾ പുറത്തു നല്ല വെയിൽ!! വെയിലേറ്റു നിൽക്കുന്ന ഒരു സംഘം ശശികൾ!!

കറങ്ങി നടക്കാൻ പറ്റിയ കാലാവസ്ഥ ആണ്. ചൂടുമില്ല, തണുപ്പുമില്ല. എന്നാൽ തിങ്കളാഴ്ച ആയതിനാൽ അക്ഷർധാം, മ്യൂസിയം, മറ്റുപല മോണുമെന്റ്സും അവധി ആണ്. ആയതിനാൽ ന്യൂ ഡെൽഹിയിലെ 10km അകലെ ഉള്ള കിഴക്കേ നിസാമുദ്ദീൻ പ്രദേശത്തുള്ള ഹുമയൂൺസ് ടോംബ് ആണ് കാണാൻ തിരഞ്ഞെടുത്തത്. അതിനു മുൻപ് പ്രാതൽ കഴിക്കണം. ഡൽഹിയിൽ വെജിറ്റേറിയൻ ഭക്ഷണത്തിനു ന്യായമല്ലാത്ത വില കൊടുക്കേണ്ടി വരും. അടയാർ ആനന്ദഭവൻ ഒക്കെ ആണെങ്കിൽ ഒരു സെറ്റ് ഇഡലിയ്‌ക്ക്‌ വില 120 ആണ്! വീട്ടിൽ ഒരുവിലയുമില്ലാതെ കളയുന്ന ഇഡലിക്ക് അന്യദേശത്തു പോയി പൊള്ളുന്ന വില കൊടുക്കാൻ ആരെങ്കിലും തയ്യാറാകുമോ?

‘നിന്ന് കഴിക്കാൻ തയ്യാറാണെങ്കിൽ ഒരു സ്ഥലത്തു കൊണ്ട് പോകാം’ എന്ന് ഡ്രൈവർ അണ്ണൻ പറഞ്ഞു. ‘എങ്കി വിട്ടോ’ എന്ന് ഞങ്ങളും. വണ്ടി നിന്നതു ഒരു വഴിയോരക്കടയുടെ മുൻപിലാണ്. വെറും വഴി അല്ല. ഡൽഹിയുടെ സമരപന്തൽ ആയ ജന്തർ മന്ദിർ റോഡ്! സൗകര്യങ്ങൾ കുറവാണ്, എങ്കിലും തരക്കേടില്ലാത്ത ഭക്ഷണം ഇഷ്ടം പോലെ മിതവിലയിൽ കഴിക്കാം. വർഷങ്ങൾ ആയുള്ള കടയാണ്, ആവും വിധം വൃത്തിയായി നടത്തുന്നുണ്ട്.

Food stalls on Jantar Mantar Road.

കഴിച്ചുകൊണ്ടിരിക്കെ ശ്രദ്ധ മുഴുവനും ആ റോഡിലെ സമരപന്തലിൽ ആയിരുന്നു. നിര നിരയായി പന്തലുകൾ. എത്രയോ വർഷങ്ങളായി നീതി തേടി സമരം ചെയ്യുന്നവർ പോലുമുണ്ടവിടെ! പാർലമെന്റിനു മുൻപിൽ നടത്തുന്നതിന് സമം ആണിത്. കാരണം ആ പരിസരത്തേക്ക് ആരെയും അടുപ്പിക്കില്ല. ആർക്കു വേണമെങ്കിലും സമരം ചെയ്യാം. പോലീസ് സ്റ്റേഷനിൽ ചെന്ന് കാരണം കാണിച്ചു സമ്മതം വാങ്ങി സമരം ചെയ്യാം. തല്ക്കാലം ആവശ്യങ്ങൾ ഒന്നുമില്ലാത്തതിനാൽ, ഭക്ഷണശേഷം ഞങ്ങൾ വണ്ടി വിട്ടു.

ഡൽഹി യാത്ര പ്ലാൻ ചെയുമ്പോൾ മൂടൽ മഞ്ഞു പോലെ മങ്ങി നിൽക്കുന്ന അന്തരീക്ഷം ആയിരിക്കും അവിടെ എന്നായിരുന്നു മനസ്സിൽ. കാരണം വായു മലിനീകരണത്തിന്റെ വാർത്തകൾ ആയിടക്കാണ് വന്നത്. എന്നാൽ കൃഷിഭൂമിയിലെ നിലം ഒരുക്കത്തിന്റെ ഭാഗമായി വിള കത്തിക്കുന്നതിന്റെ പുക ആണ് കാറ്റിൽ ഡൽഹി പ്രദേശമാകെ പുകമറയ്ക്കുള്ളിൽ ആക്കിയത്. ഞാൻ കണ്ട ഡൽഹി എന്നെ ഏറെ അതിശയിപ്പിച്ചു. പ്രത്യേകിച്ചും റോഡും പരിസരവും വൃത്തിയായി കിടക്കുന്നത്. നേരം പുലരുമ്പോൾ തന്നെ ധാരാളം ജോലിക്കാർ അടിച്ചു വാരി തൂത്തു വൃത്തിയാക്കി ഇടുന്നു. ഒരില പോലും ഇല്ല റോഡിലെങ്ങും!

ഹുമയൂൺസ് ടോംബ് എത്തി.  പതിവ് പോലെ തന്നെ സ്കൂൾ കുട്ടികളുടെ ശബ്ദമുഖരിതമായ അന്തരീക്ഷം. പ്രവേശന കവാടത്തിലും, മറ്റുമായി മറ്റു കെട്ടിടങ്ങളിലേക്കുള്ള ദിശയും, വിവരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. താജ് മഹലുമായി കാഴ്ചയിൽ നല്ല സാദൃശ്യമുണ്ട് ഹുമയൂൺസ് ടോംമ്പിന്. ചുവപ്പും വെള്ളയും ഇടകലർന്ന ഒരു മനോഹര സൗധം. മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരം ആണ് പ്രധാനം എങ്കിലും, പ്രധാന കെട്ടിടത്തിലും അനുബന്ധകെട്ടിടങ്ങളിലുമായി ഒട്ടനവധി കല്ലറകളും, നമസ്കാരപ്പള്ളികളും ഈ ശവകുടീരസമുച്ചയത്തിലുണ്ട്. ‘മുഗളരുടെ കിടപ്പിടം’ എന്നാണ് ഈ ശവകുടീരസമുച്ചയത്തിന്റെ മറ്റൊരു പേര്. അങ്ങനെ വിളിച്ചു പോകും ആരും! കാരണം,  പ്രധാന കുടീരം ഇരിക്കുന്ന മുറിക്കു ചുറ്റുമായി എട്ടു മുറികളും അതിലെല്ലാം കല്ലറകളും ആണുള്ളത്. കെട്ടിടം ഇരിക്കുന്ന തട്ടിന്റെ വശങ്ങളിൽ എല്ലാം അറകൾ കാണാം. അതിലെല്ലാം മുഗളർ ശാന്തമായി നിദ്ര കൊള്ളുകയാണ്. വിശാലമായ ആ പരിസരത്തു തന്നെ ഈസാ ഖാൻ നിയാസി, ബു ഹാലിമ, ക്ഷുരകൻ, അഫ്‌സാർവാലാ ശവകുടീരങ്ങളും സ്ഥിതി ചെയുന്നു. ക്ഷുരകനും കുടീരമോ? ടൂമ്പുകൾ ഉണ്ടാക്കുന്നത് അന്നത്തെ ട്രെൻഡ് ആയിരുന്നിരിക്കാം.

Humayun’s Tomb – Corner View

Humayun’s Tomb – Front View

 

The steps to the main building.

The Tomb

 

Dome of the Tomb.

തിങ്കളാഴ്ച ആയതിനാൽ തിരക്ക്  കുറഞ്ഞു , പൊതുവെ ശാന്തം ആയിരുന്നു പരിസരം. വിശാലമായ പുൽത്തകിടിയിൽ മതിയാകുവോളം സമയം ചിലവഴിച്ചിട്ടാണ് ഖുതുബ് മിനാറിലേക്കു പുറപ്പെട്ടത്. ദൂരം ഏകദേശം 12 km. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ സ്മാരകങ്ങൾ കാണാൻ പോകുമ്പോഴും എല്ലാവരും വിക്കിപീഡിയ നോക്കി പറ്റുന്നത്ര വിവരങ്ങൾ നോക്കി വയ്ക്കും. സ്കൂളിൽ പഠിച്ചതൊക്കെ എല്ലാരും മറന്നു പോയിരുന്നു!

ഖുതുബ് മിനാറിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. കാർ പാർക്ക് ചെയുന്ന സമയത്തു പോയി ടിക്കറ്റ് എടുത്തു. 237.8 അടി ഉയരമുള്ള, ഇഷ്ട്ടികയിൽ പണിത ഏറ്റവും ഉയരം കൂടിയ മിനാരം ആണ് മുൻപിൽ കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുത്ബ്ദീൻ ഐബക് പണി തുടങ്ങിയ മിനാരം. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഖുത്ബ് മിനാർ പക്ഷെ അപകടത്തെ തുടർന്ന്‌, 1980 മുതൽ സ്ഥിരമായി അടച്ചിട്ടിരിക്കുക ആണ്. മിനാരത്തിനോട് ചേർന്നുള്ള പല കെട്ടിടങ്ങളും തകർന്ന നിലയിൽ ആണ്. ചിത്രപ്പണികൾ നിറഞ്ഞ, തൂണുകളും, ചെറു കെട്ടിടങ്ങളും ശേഷിക്കുന്നു. തൂണുകളിലേം, മകുടത്തിലേം കൊത്തുപണികൾ അതിമനോഹരം.. അവയെല്ലാം കണ്ട ശേഷം മിനാരത്തിന്റെ അടുത്തേക്ക് പോയി.

Hand crafted pillars of Qutub Minar.

മേൽക്കൂരയിലെ കൊത്തുപണികൾ

മേൽക്കൂരയിലെ കൊത്തുപണികൾ

Qutub Minar - Clicked right from the bottom.

Qutub Minar – Clicked right from the bottom.

Qutub Minar

Qutub Minar

മിനാരത്തിന്റെ തൊട്ടു അടുത്ത് നിന്ന് കൊത്തുപണികൾ നോക്കിനിൽക്കാൻ കൗതുകകരമാണ്. അഞ്ചു നിലകൾ ആണ് മിനാരത്തിന്. മുകളിലത്തെ രണ്ടു നിലകൾ വെണ്ണ കല്ലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ നിലകളിലും കിളിവാതിലുകൾ കണ്ടു. അടച്ചിട്ട ഒരു കുഞ്ഞു ജനാലയിലൂടെ അകത്തെ ഇരുട്ടിലേക് ഞാൻ സാകൂതം നോക്കി നിന്നു. നൂറ്റാണ്ടുകളുടെ ഭാരമുള്ള ഓർമ്മകളും പേറി ഘനഗാംഭീര്യത്തോടെ നിൽക്കുന്ന സ്മാരകങ്ങൾ നോക്കി നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. അറിയാതെ ഭാവനയുടെ ഒരു മാസ്മരിക ലോകത്തേയ്ക്ക് വീണു പോകും. എത്രയോ നൂറ്റാണ്ടുകൾ!! ഭാവന ചെയ്യാൻ പോലും പറ്റാത്ത ഒരു കാല ദൈർഖ്യം തന്നെ. അന്ന് ജീവിച്ചിരുന്നവർ..ഭരിച്ചവർ..അവരുടെ എന്തെല്ലാം ചെയ്തികൾക്ക് ഇവ സാക്ഷ്യം നിന്നു കാണും! വെറുതെ കാതോർത്തു നിന്നു നോക്കി..അന്ന് മുഴങ്ങിയ സ്വരങ്ങളുടെ ഒരു ചെറു മാറ്റൊലി എങ്കിലും കാലങ്ങൾക്കിപ്പുറത്തേയ്‌ക്ക്‌ കേൾക്കുന്നുണ്ടോ എന്നറിയാൻ..

“ഇവിടെ..ഇവിടെ..ഇങ്ങോട് ..” വിളി കേട്ട് സ്വപ്നത്തിൽ നിന്നുണർന്നു. പ്രഥാന സ്ഥലങ്ങളിൽ എല്ലാം ചെല്ലുമ്പോൾ ഞാൻ അമ്മുവിന് കുപ്പിപ്പാൽ കൊടുക്കും. അവൾ ശാന്തമായി അത് കുടിക്കുന്ന സമയത്തു ആണ് എനിക്ക് ഇത്തിരി വിശ്രമവും, ആ സ്ഥലങ്ങൾ എല്ലാം മനസ്സിരുത്തി ഒന്ന് ശ്രദ്ധിക്കാനും കഴിയുക. അലൈ ദർവാസയുടെ പടിയിൽ ഇരുന്നു വിശ്രമിച്ച ശേഷം പിറകിലുള്ള പുൽത്തകിടിയിലേക്കു ഇറങ്ങി.

സൂര്യ ഘടികാരം

സൂര്യ ഘടികാരം

അവിടെ ഒരു സൂര്യഘടികാരം കാണുകയുണ്ടായി. വെണ്ണക്കല്ലിൽ നിർമിച്ച ഒരു തൂൺ. അതിനു മുകളിൽ കൊത്തി വച്ച വരകൾക്കു മേൽ വെയിലിന്റെ നിഴൽ വീഴുന്നു. നിഴൽ സൂചിപ്പിച്ചതിൽ നിന്നും ഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞെന്നു വ്യക്തമായി. ഞങ്ങൾ വേഗം നടന്നു കാറിൽ കയറി. പാർക്കിംഗ് ഫീ അടച്ചു എക്സിറ്റിന്റെ അടുത്ത എത്തിയപ്പോൾ ഒരുവൻ വന്നു പാസ് തിരികെ ചോദിച്ചു. അസ്വാഭാവികത തോന്നാത്തതിനാൽ ആരാണെങ്കിലും തിരിച്ചു കൊടുക്കും. എന്നാൽ ഡ്രൈവർ വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോൾ ആണ് തട്ടിപ്പിന്റെ കഥ പറഞ്ഞത്. സീലോ മറ്റു അടയാളങ്ങളോ രേഖപ്പെടുത്താത്ത ഈ പാസ് തിരിച്ച വാങ്ങുന്നത് അവർക്കു കൊണ്ട് പോയി മറിച്ചു വിൽക്കാനാണ്! അമ്പട കള്ളന്മാരെ..

ഇന്നത്തെ ഉച്ച ഭക്ഷണം വിശിഷ്ടമായിരുന്നു. കാരണം, പ്രശസ്തമായ JNU ക്യാമ്പസ്സിലെ ക്യാന്റീനിൽ നിന്നാണ് നമ്മൾ ഭക്ഷണം കഴിച്ചത്. കേരളത്തിൽ നാനും റൊട്ടിയും, ചപ്പാത്തിയും എല്ലാം കഴിക്കുമെങ്കിലും, അതിന്റെ ശരിയായ രുചി മനസിലാക്കാൻ ഡൽഹി വരെ വരേണ്ടി വന്നു. കൂട്ടത്തിൽ എല്ലാവരും റൊട്ടി, നാൻ ആരാധകർ ആയി മാറിയിരുന്നു അപ്പോഴേക്കും. എരിവ് ഏറെ ഇഷ്ട്ടപെടുന്ന എന്റെ രുചി അറിഞ്ഞു വച്ചതു പോലൊരു ബിരിയാണി എനിക്കും കിട്ടി. കഴിച്ചിട്ട് മതി വന്നില്ല എന്നതാണ് സത്യം.

എത്രയോ പ്രതിഭകളെ സ്രഷ്ടിച്ച ക്യാമ്പസ് ആണിത്. ബുദ്ധിജീവികൾ, ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, വിപ്ലവകാരികൾ അങ്ങനെ അങ്ങനെ ഇന്ത്യയ്ക് കിട്ടിയ സംഭാവനകൾ ചെറുതല്ല. അങ്ങനെ ഒരു ക്യാമ്പസിൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവർ കഴിക്കുന്ന അതേ ഭക്ഷണം കഴിക്കാനായെല്ലോ? 🙂

വഴിയരികിലെ fruits സ്റ്റാളിൽ നിന്ന് fruitsum വാങ്ങി ഞങ്ങൾ നേരെ ഷോപ്പിങ്ങിനാണ് പോയത്. Connaught Place-ലെ ഭൂഗർഭ മാർക്കറ്റ് ആയ പാലിക ബസാർ. ചേർന്ന് ചേർന്ന് കിടക്കുന്ന സ്റ്റാളുകൾ പോലെ മുന്നൂറിൽ അധികം കടകൾ ആണിവിടെ. കൂടുതലും തുണികളും, ഇലക്ട്രോണിക് ഉപകരണങ്ങളും, ബാഗുകൾ, ആഭരണങ്ങൾ തുടങ്ങിയവയും ആണ്. വ്യത്യസ്ത തേടി എത്ര മുന്നോട്ടു പോയാലും ആദ്യം കാണുന്നതിന്റെ തനിയാവർത്തനങ്ങൾ മാത്രം. പെട്ടെന്ന് മടുക്കും ഇവിടം. ഇടയ്ക്കിടക്ക് ടാറ്റൂ കടകളുടെ ഏജൻറുകളും. വാങ്ങാൻ വിശിഷ്Oമായതൊന്നും കാണാത്തതിനാൽ ഷോപ്പിംഗ് പെട്ടെന്ന് കഴിഞ്ഞു.

ഭൂഗർഭ അറ ആയതിനാൽ പുറത്തെ തണുപ്പ് ഒട്ടും അറിയാൻ കഴിഞ്ഞില്ല..നല്ല വായു സഞ്ചാരം ഉറപ്പു വരുത്തുന്ന വെന്റുകൾ കണ്ടിരുന്നു. ഇടവിട്ടു കുടിവെള്ളം, ബാത്റൂം സൗകര്യങ്ങളും. ഡൽഹിയിലെ വില കുറഞ്ഞ ഷോപ്പിംഗ് ആഗ്രഹിച്ചു വരുന്നവർ പാലിക ബസാറിൽ പോകേണ്ട കാര്യമില്ല. മോഷണ വസ്തുക്കളുടെയും, വ്യാജ ഉത്പന്നങ്ങളുടെയും, നിയമപരമല്ലാത്ത പല സാധനങ്ങളുടെയും വില്പന സ്ഥിരം നടക്കുന്ന സ്ഥലമാണെന്ന് പിന്നീട് മാത്രമാണ് ഞങ്ങൾ അറിഞ്ഞത്.

ബാക്കി കിട്ടിയ സമയത്തു, ബ്രാൻഡഡ് ഷോപ്പുകളിൽ കൂടി വെറുതെ കേറി ഇറങ്ങി. കേരളത്തിലേ അതേ അവസ്ഥ തന്നെ ഇവിടെയും.. സ്ഥിരം ഡിസ്‌കൗണ്ട് തട്ടിപ്പുകൾ ഒരു ലോപവും കൂടാതെ നടക്കുന്നു. ആളുകൾ നന്നേ കുറവ്. ഏറി വരുന്ന തണുപ്പിൽ, എല്ലാം മതിയാക്കി ഞങ്ങൾ അത്താഴത്തിനായി പോയി. നല്ല ബീഫ് കഴിക്കണം എന്നാർക്കോ പൂതി തോന്നി. സജിയണ്ണൻ നേരെ കേരള ഹൗസിലോട്ടു വണ്ടി വിട്ടു. രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് ആകാം പുള്ളിക്കാരൻ പല സ്ഥലങ്ങളിലും സുഗമമായി പ്രവേശിക്കുന്നത് ഞങ്ങൾ യാത്രയിൽ പലപ്പോഴും കണ്ടിരുന്നു. കേരള ഹൗസിലെ ഭക്ഷണം വളരെ നന്ന്! വളരെ കുറഞ്ഞ നിരക്കിൽ നല്ല ഘനത്തിൽ ഭക്ഷിക്കാൻ ഇവിടെ വരാം ആർക്കും. സാധാരണ ഹോട്ടലിൽ ഓർഡർ ചെയ്യും പോലെ ഇവിടെയും ചെയ്തു. പ്രതീഷിച്ചതിന്റെ ഇരട്ടി ഭക്ഷണം കഴിച്ചു തീർക്കാൻ പാടുപെട്ടു.

ഇന്നത്തെ ഉറക്കം പ്രധാനം ആണ്. കാരണം നാളെ ആണ് ആ ദിനം. മിഷൻ ആഗ്ര!

– തുടരും

  *****************************************