ഡിസംബറിലെ ഡൽഹി (Day – 3)

Day – 3 (27/12/2016)

പുലരും മുൻപേ യാത്ര തിരിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം എങ്കിലും സജിയണ്ണൻ അത് പ്രാത്സാഹിപ്പിച്ചില്ല. കാരണം വെളുപ്പാൻകാലത്തെ മൂടൽമഞ്ഞു തന്നെ! നേരം വെളുത്തിട്ടാണ് യാത്ര തിരിച്ചത്. അതും വീണ്ടും കേരള ഹൗസിലെ ഭക്ഷണത്തിനു ശേഷം. പിന്നീടൊരു നീണ്ട യാത്ര ആയിരുന്നു. 260 കിലോമീറ്ററോളം ഉണ്ട് ആഗ്രയിലേക്ക്. നെടുനീളെ കിടക്കുന്ന നോയിഡ-greater noida എക്സ്പ്രസ്സ് ഹൈവേ, യമുന എക്സ്പ്രസ്സ് ഹൈവേ, ഇവ രണ്ടും പൊതുവേ ഒഴിഞ്ഞു കിടന്നിരുന്നു. 100km സ്പീഡിൽ തന്നെ വണ്ടി സുഗമമായി പൊയ്ക്കൊണ്ടിരുന്നു. ടോൾ ഉള്ള വഴി ആണ്. വളവുകളും മറ്റും ഇല്ലാത്ത, നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഹൈവേ തന്നെ ആയിരുന്നു എന്നെ ആകർഷിച്ചത്. റോഡ് വശങ്ങളിൽ എന്തൊക്കെയോ കൃഷികൾ..അമ്മുന്റെ ഉറക്കത്തിനിടക് കാമറ മോഡുകൾ മാറ്റി ഓരോ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ വിശപ്പിന്റെ തത്കാല ആശ്വാസത്തിനായി കുറച്ചു സ്നാക്ക്സ് വാങ്ങിയതൊഴിച്ചാൽ മറ്റു സ്റ്റോപ്പുകൾ ഉണ്ടായില്ല.

Roadside View from Yamuna Express Highway.

Roadside Views

ഉച്ചയോടെ താജ് മഹലിലേക്കുള്ള ദിശ കാണിക്കുന്ന ആദ്യ ബോർഡ് കണ്ടു. ആവേശത്തിൽ ഞാൻ ഉറക്കെ കൂവി എന്ന് തോന്നുന്നു..വായിച്ചറിഞ്ഞ പോലെ ആഗ്ര ഒരു വൃത്തിഹീനമായ സ്ഥലം തന്നെ ആണ്. മാലിന്യം കുന്നുകൂടി കിടപ്പില്ല. പക്ഷെ പൊതുവെ ഒരു ശുചിത്വം ഇല്ലായ്മ തോന്നും എവിടെയും.

അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്തു ഞങ്ങൾ നീങ്ങി. ഒരു ടിക്കറ്റ് കോംപ്ലക്സ് ആണ് ആദ്യം. അവിടെ നിന്ന് ടിക്കറ്റ് എടുത്ത് ഇലക്ട്രിക്ക് വണ്ടിയിൽ കയറി താജ് മഹലിനു മുൻപിൽ ഇറങ്ങണം. ടിക്കറ്റിന്റെ കൂടെ കാലിൽ ധരിക്കാൻ വേണ്ടി ഒരു ജോഡി തുണികൊണ്ടുള്ള സോക്സ്‌ കൂടി കിട്ടും. ഇലക്ട്രിക്ക് വണ്ടിയിൽ കേറി പറ്റാൻ അത്യാവശ്യം കസേരകളിയും ഗുസ്‌തിയും അറിഞ്ഞിരിക്കേണം. പഞ്ചാബികളോട് ആയിരുന്നു ഞങ്ങൾക്ക് മത്സരിക്കേണ്ടി വന്നത്. കേരളത്തിന്റെ അഭിമാനം ഒരിഞ്ചു പോലും നഷ്ടപ്പെടാതെ ഞങ്ങൾ കാത്തു.

The way to Taj Mahal – Taken from the electric car

തറ ഓട് പാകിയ വഴിയിലൂടെ ഒരിത്തിരി നേരം വണ്ടിയിൽ ഇരിക്കുമ്പോൾ ചെക്കിങ് കോംപ്ലക്സ് എത്തും. അവിടെ സൂക്ഷ്മമായ പരിശോധന നടക്കുന്നു. ബാഗും നമ്മളും സ്കാൻ ചെയ്യപ്പെടുന്നു. ബാഗുകൾ എല്ലാം തുറന്നു പരിശോധിക്കും. യാതൊരു വിധ ഭക്ഷണസാധനങ്ങളോ കളിക്കോപ്പുകളോ, മറ്റു അനാവശ്യ സാധനങ്ങളോ അവർ അനുവദിക്കില്ല. കുഞ്ഞിന്റെ ഫ്ലാസ്ക്, വെള്ളം, പാൽപ്പൊടി ഒന്നും അവർ തടഞ്ഞില്ല. അവിടെ നിന്ന് നടന്നു കേറുന്നത് ഒരു പ്രവേശന കവാടത്തിലേക്ക് ആണ്..ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ആ പ്രണയ കുടീരത്തിന്റെ വെൺചാരുതയിലേക്കുള്ള പ്രവേശന കവാടത്തിലേക്ക്..

Entrance building of Taj Mahal

Taj Mahal – First view

റോഡിൽനിന്നേ ഞാൻ പല വഴിക്കു നോക്കുക ആണ് താജ് മഹലിന്റെ ആദ്യ ദർശനം കിട്ടുമോ എന്ന്..എന്നാൽ ഈ കവാടം എത്തും വരെ ഒരു നിഴൽ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. കവാടത്തിൽ നിന്ന് നോക്കുമ്പോഴേ, വെട്ടി തിളങ്ങുന്ന താജ് മഹലിന്റെ പൂർണ്ണ രൂപം ആണ് പ്രത്യക്ഷപ്പെടുക. ആ നിമിഷം.. ആ വികാരം.. അതെഴുതി ഫലിപ്പിക്കാൻ എനിക്കറിയില്ല ..

Corner view of Taj Mahal – taken while standing in queue.

കാലപ്പഴക്കത്തിൽ നിറം മങ്ങിയ താജ് മഹലിന്റെ സൗന്ദര്യ വത്ക്കരണജോലികൾ നടക്കുക ആണ്. ഇടതു വശത്തെ തൂണിൽ നിറയെ കമ്പികൾ വച്ച് കെട്ടിയിരിക്കുന്നു. വളരെ ക്ലേശകരമായ ജോലി ആണിതെന്നും, പത്തു നൂറു ജോലിക്കാർ ഉണ്ടെന്നും കേട്ടിരുന്നു, എങ്കിലും, പണിക്കാരെ ഒന്നും അവിടെ കണ്ടില്ല. ഓഫ് സീസൺ ആയതിനാൽ തിരക്ക് കുറവായിരിക്കും എന്നാണ് അറിഞ്ഞിരുന്നത്. എന്നാൽ ആഹ്ളാദചിത്തരായ ആയിരമായിരം ആളുകളെകൊണ്ട് നിറഞ്ഞിരുന്നു ആ പരിസരം. ചെരുപ്പില്ലാതെ വേണം അകത്തു പ്രവേശിക്കാൻ. അല്ലെങ്കിൽ തുണി സോക്സ്‌ ചെരുപ്പിനു മീതെ ഇടണം. നമ്മുടെ കാലിലെ ചെളിപുരണ്ടു ഒളിമങ്ങാൻ ഉള്ളതല്ല ഈ പ്രണയസൗധം. ഏറെ ദൂരം നടന്നു, താജ് മഹലിന്റെ തട്ടിൽ കേറി എത്രയോ നേരം ക്യൂവിൽ നിന്നാൽ മാത്രമേ അകത്തു പ്രവേശിക്കാൻ കഴിയു. ഈ നേരമത്രയും നമുക് കാണാൻ വിശാലമായ യമുനയും, നദിക്കപ്പുറമുള്ള മെഹ്തബ് ബാഗ് ഒക്കെ  ഉണ്ട്. താജ് മഹലിന്റെ വിശാലമായ മുറ്റം കണ്ടതും ആവേശത്തിൽ അമ്മു ഓടി. നിയന്ത്രിച്ചു നിർത്താൻ ഞാൻ നന്നേ കഷ്ടപെട്ടു. അവസാനം അകത്തേക്കു പ്രവേശിക്കാറായപ്പോൾ ആണ് ശ്വാസം നേരെ വീണത്.

River Yamuna

River Yamuna

ഫിനിയൽ – താജ് മഹലിന്റെ മകുടത്തിലെ ലോഹത്തിൽ നിർമ്മിച്ച ഫിനിയൽ അതെ അളവിൽ തറയിൽ പണിതിരിക്കുന്നു.

പുറമെ നിന്ന് കണ്ടത് പോലെ അല്ല, കുടീരം ഇരിക്കുന്ന അറ നന്നേ ചെറുതാണ്. അകത്തു വെളിച്ചമില്ല. ഷാഹ്‌ജഹാന്റെയും, മുംതാസിന്റെയും കുടീരങ്ങൾക്കു ചുറ്റും കൊത്തുപണി ചെയ്തു മനോഹരമാക്കിയ ചുറ്റുമതിൽ ഉണ്ട്. രണ്ടു പേരുടെയും ശരിക്കുള്ള ഖബറിടം സത്യത്തിന്റെ ഈ അറയുടെ താഴെ ആണ് സ്ഥിതി ചെയുന്നത്. നമ്മൾ കാണുന്നത് യാഥാർഥ്യത്തിന്റെ ഒരു ഡെമോ മാത്രം. ഫോട്ടോ എടുക്കരുതെന്ന് കർശന നിർദേശമുണ്ട്. എന്നാലും എല്ലാവരും മൊബൈലിൽ ഫോട്ടോസ് എടുക്കുന്നു. അങ്ങനെ ഞാനും എടുത്തു കുറച്ചു ഫോട്ടോസ് മൊബൈലിൽ. തിടുക്കത്തിൽ എടുത്തത് കൊണ്ടും, ഫ്ലാഷ് ഇടാത്തതും കൊണ്ടും ഒട്ടും മേന്മ ഇല്ലാത്ത ചിത്രങ്ങൾ ആയിപോയി എല്ലാം. പുറത്തിറങ്ങി, ഇനി സമാധാനം ആയി. ക്യൂ ഒന്നും ഇല്ല… താജ് മഹലിന്റെ മറ്റു അറകളും, ഭിത്തിയും, തൂണുകളും എല്ലാം വിശാലമായി കണ്ടു.

Flower motifs on the wall of Taj Mahal

വെണ്ണക്കൽ ചുവരിലെ പണികൾ

അമ്മുവിൻറെ കൈ പിടിച്ചു വെണ്ണക്കലിന്റെ തണുപ്പിൽ തൊടുവിച്ചു. ചിത്രപ്പണികളിലൂടെ വിരലോടിച്ചു.. കൊത്തുപണികൾ അടുത്ത് നിന്ന് തൊട്ടു നോക്കി ആസ്വദിച്ചു. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്. പൂക്കളും മറ്റും കൊതി വയ്ക്കാൻ ആഭരണ നിർമ്മിതിക്കു എടുക്കുന്ന തരം കല്ലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. രത്‌നങ്ങളും, സ്വർണ്ണങ്ങളും ആവശ്യത്തിലധികം അലങ്കാരത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാം തന്നെ മോഷണം പോയിരിക്കുന്നു. കൊത്തി ഇളക്കി എടുത്തുകൊണ്ട് പോയിരിക്കുന്ന അടയാളങ്ങൾ സജിയണ്ണൻ കാണിച്ചു തന്നു. പിസ്താക്കുകൾ, ജാലികൾ, ചത്രി സ്തൂപങ്ങൾ എന്നിവയും നേരിൽ കണ്ടാസ്വദിച്ചു…

One of the pillars of Taj Mahal

Works on the white marble wall of Taj Mahal

Taj Mahal’s Pillar view right from its bottom.

നടപ്പും, വെയിലും കാരണം നല്ല ക്ഷീണവും, ദാഹവും തോന്നി. എന്നാൽ ആഗ്ര ഫോർട്ട് എന്ന പടുകൂറ്റൻ ലക്‌ഷ്യം മുന്നിൽ ഉള്ളതിനാൽ നേരം വൈകുംതോറും നടത്തം ഓട്ടം ആയി മാറി.

Souvenir shops at Taj Mahal Road

Inside of a souvenir shop.

താജ് മഹൽ കണ്ടു തീർന്നാൽ പിന്നെ എല്ലാരും ആഗ്ര ഫോർട്ടിലേക് ഒരേ കുതിപ്പാണ്. രണ്ടര കിലോമീറ്റർ ഉണ്ട് ഇവിടുന്നു. താജ് മഹലിനെക്കാളും കാണാൻ ആഗ്ര ഫോർട്ടിലുണ്ട്. തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റും വരെ മുഗളർ ആർഭാടമായി വാണിരുന്ന കൊട്ടാരം. ആറു മണിവരെ ആണ് പ്രവേശനം. അസ്തമന സൂര്യന്റെ സുവർണ്ണ രശ്മികൾ ആ ചുവന്ന കോട്ടയിലാകെ ഉരുകിയൊലിക്കുന്ന പോലെ തോന്നി. ആരെയും ആകർഷിക്കുന്ന സൗന്ദര്യമായിരുന്നു അപ്പോൾ ആ പടുകൂറ്റൻ കോട്ടയ്ക്ക്. തിരക്ക് പതിവുപോലെ ഉണ്ട്. സന്ധ്യക്ക്‌ പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്. അതിനും ഇപ്പോൾ ടിക്കറ്റ് ലഭ്യമാണ്. എന്നാൽ ഉച്ചഭക്ഷണം ഇനിയും കഴിച്ചിട്ടില്ലാത്ത ഞങ്ങൾ സമയം അധികം വൈകിക്കേണ്ട എന്ന് തീരുമാനിച്ചു.

Agra Fort Entrance View

Agra Fort Front View

കോട്ടയ്ക്കു ഡൽഹി ഗേറ്റും ലാഹോർ ഗേറ്റും ഉണ്ട്. ലാഹോർ ഗേറ്റിലൂടെ ആണ് സന്ദർശകർക്ക് പ്രവേശനം. കോട്ടയുടെ പല ഭാഗങ്ങളും ഇന്ത്യൻ പട്ടാളത്തിന്റെ കീഴിൽ ആയതിനാൽ ശേഷ ഭാഗം മാത്രമേ പൊതുജനത്തിന് തുറന്നു കൊടുത്തിട്ടുള്ളു. ഞങ്ങളുടെ കൂടെ സജിയണ്ണൻ ഇല്ലായിരുന്നു. അകത്തു കേറിയപ്പോൾ ഒരുപാട് ഗൈഡുകൾ ചുറ്റും കൂടി. അവിടെ ഗൈഡുകളെ പോലെ തന്നെ എന്നതിൽ കൂടുതൽ അണ്ണാറക്കണ്ണന്മാരും ഉണ്ട്. ഭയമില്ലാതെ അവ നമ്മുടെ അരികെ വരും..

അണ്ണാറക്കണ്ണന്മാർ നിറഞ്ഞ കോട്ട മുറ്റം

ആഗ്ര ഫോർട്ടിനെ കുറിച്ചുള്ള ധാരണക്കുറവ് കാരണം നമ്മൾ ഗൈഡുകളെ തഴഞ്ഞു. വിക്കി പീഡിയയിൽ നിന്നുള്ള അറിവ് മാത്രം പോരാ ഇതുപോലെ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ. അറിവും, ആത്മാർത്ഥതയും ഉള്ള ഒരു ഗൈഡ് കൂടെ ഇല്ല എങ്കിൽ നമ്മൾ വേറെ വിഡ്ഢികളെ പോലെ അലഞ്ഞു നടക്കേണ്ടി വരും. ഞങ്ങൾക്കും അത് തന്നെ ആണ് സംഭവിച്ചത്. കോട്ടയിൽ കേറിയ ഞങ്ങൾക്ക് യാതൊന്നും മനസിലായില്ല. മനസിലാക്കാൻ ഒരുപാട് ഉണ്ടെന്നു മനസിലാക്കുകയും ചെയ്തു. അങ്ങനെ തിരിച്ചു പോയി ഒരാളെ കൂട്ടികൊണ്ടു വന്നു. 200 രൂപ പറഞ്ഞു, സേവനം ഇഷ്ടപ്പെടുക ആണെങ്കിൽ 250 ഉം. പുള്ളി പ്രായത്തേക്കാൾ ഏറെ ഉത്സാഹമുള്ള ആളായിരുന്നു. നടുമുറ്റത്ത് എല്ലാവരെയും വിളിച്ചു വട്ടത്തിൽ നിർത്തി അദ്ദേഹം പറഞ്ഞു തുടങ്ങി. നല്ല ഉൾനാടൻ ഹിന്ദിയിൽ. കൂട്ടത്തിലെ ഹിന്ദി പുലികൾ വരെ ഒന്ന് അന്ധാളിച്ചു. അടിസ്ഥാന ഹിന്ദി വാക്കുകൾ പോലും ബബ്ബബ്ബ അടിക്കുന്ന എന്റെ കാര്യം ഏകദേശം തീരുമാനം ആയി. അവസാനം, പുള്ളിയെ കൊണ്ട് രണ്ടോ മൂന്നോ വട്ടം പറയിച്ചാണ് കാര്യങ്ങൾ മനസിലാക്കി എടുത്തത്.

കോട്ടമുറ്റം

മുഗളരുടെ ജീവിതം വിസ്മയിപ്പിച്ചു കളഞ്ഞു! പഴമ പൂണ്ടു സൗന്ദര്യം ഒരുപാട് മങ്ങി എങ്കിലും മുഗളർ വാണിരുന്ന കാലത്തെ ആര്ഭാടത്തെ കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടും. അത്യാർഭാടങ്ങൾ നിറഞ്ഞ ഷാജഹാൻ മുംതാസ് കിടപ്പറ, ആർഭാടം കുറഞ്ഞ മക്കളുടെ അറകൾ എല്ലാം കണ്ടു. രാജസ്ഥാനിലെ ബറൗലിയിൽ നിന്നും എത്തിച്ച ചുവന്ന മണൽക്കല്ലുപയോഗിച്ച്, അക്ബർ പുതുക്കി പണിതു ബലപ്പെടുത്തിയാണ് ഈ കോട്ട. അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ് കോട്ടക്ക് പിന്നെയും മാറ്റങ്ങൾ സംഭവിച്ചു. വെണ്ണക്കല്ലു കൊണ്ടുള്ള നിർമ്മിതികൾ ആയിരുന്നു ഷാജഹാന് പ്രിയം. കോട്ടയ്ക്കുള്ളിൽ പല കെട്ടിടങ്ങളും, അറകളും വെണ്ണക്കല്ലു കൊണ്ട് അദ്ദേഹം പുതുക്കിപ്പണിയുകയോ, പുതിയതായി നിർമ്മിക്കുകയോ ചെയ്തിട്ടുണ്ട്. കോട്ടയിലെ ചക്രവർത്തിയുടേയും പ്രഭുക്കന്മാരുടേയും സ്വകാര്യസഭ ആയ ദിവാൻ-ഇ ഖാസ്, അഷ്ടഭുജാകൃതിയിലുള്ള മനോഹരമായ വെണ്ണക്കൽമന്ദിരമായ മൂസമ്മൻ ബുർജ് എന്നിവ കണ്ടു. ഷാജഹാൻ, തന്റെ പ്രിയഭാര്യ മുംതാസ് മഹലിനു വേണ്ടി നിർമ്മിച്ചതാണ് ഈ മാളിക എന്ന് കരുതുന്നു. യമുനയുടെ തീരത്തുള്ള ഈ മാളികയിൽ നിന്നും നദിക്കപ്പുറത്തെ താജ് മഹൽ മനോഹരമായി വീക്ഷിക്കാനാകും.

മൂസമ്മൻ ബുർജ്

കൊത്തുപണികൾ നിറഞ്ഞ ചുവരുകൾ

കലാചാതുരിയോടെ ഒരു വെണ്ണക്കൽ തൂൺ. ഇതിലെ മോട്ടിഫുകൾ താജ് മഹലിലെ ചിത്രപ്പണിയുമായി നല്ല സാദൃശ്യമുള്ളവയാണ്. ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്നതരം കല്ലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. പലതും മോഷണം പോയിരിക്കുന്നു.

വെണ്ണക്കൽ ചുവരിലെ കൊത്തുപണികൾ

മുകൾ ഭാഗത്തെ ഊഞ്ഞാൽ കൊളുത്ത്

പുത്രന്റെ തടവിൽ കഴിഞ്ഞിരുന്ന ഷാജഹാൻ തന്റെ അവസാന കാലത്തു ദൂരെ താജ് മഹൽ നോക്കി നിന്നിരുന്നത് ഈ മാളികയിൽ നിന്നാണ്. താജ് മഹൽ സൂര്യകിരണമേറ്റു ചുവന്നു തുടുത്തു നിൽക്കുന്നു. ഈ ചിത്രം കണ്ടു കൊണ്ട് എത്ര നാൾ അദ്ദേഹം നിന്നിരിക്കാം. എന്തൊക്കെ വികാരവിചാരങ്ങളിൽ അദ്ദേഹം മുഴുകിയിരിക്കാം..ആർക്കറിയാം. എല്ലാം സാക്ഷികളായി ഈ മൗനം തങ്ങുന്ന ശേഷിപ്പുകൾ മാത്രമല്ലേ ഉള്ളൂ,  തൂണുകൾക്കു സംസാരിക്കാൻ ആവുമായിരുന്നുയെങ്കിൽ…

ആഗ്ര ഫോർട്ടിൽ നിന്നുള്ള താജ് മഹലിന്റെ വിദൂര ദൃശ്യം

ദിവാൻ ഇ ഖാസിനു മുന്നിലെ മുറ്റത്താണ് ജഹാംഗീറിന്റെ സിംഹാസനം. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ഒനിക്സ് എന്ന കല്ലുകൊണ്ടാണ് ജഹാംഗീർ ഈ സിംഹാസനം പണിയിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ ആദ്യമായി കോട്ട ആക്രമിച്ചപ്പോൾ പീരങ്കിയുണ്ട വീണു കല്ലിനു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ആ ഉണ്ട തെറിച്ച തൂണിൽ ചെന്ന് കൊണ്ട് ഉണ്ടായ വിള്ളലും ഗൈഡ് കാണിച്ചു തന്നു.

ജഹാംഗീറിന്റെ സിംഹാസനം

പീരങ്കിയുണ്ട ഏറ്റു തുള വീണ ചുവർ!

കോട്ടയിലെ പൊതുസഭയാണ് ദിവാൻ ഇ ആം. നാല്പതു തൂണുകൾ ഉണ്ട് ഇവിടെ. ചക്രവർത്തി ഇരിക്കുന്ന സിംഹാസന മുറി വെണ്ണക്കല്ലു കൊണ്ട് അലങ്കരിച്ചതാണ്. ആ മുറിക്കു താഴെ വേലികെട്ടുള്ള ഒരു പീഠം കണ്ടു. അത് അക്ബറിന്റെ പ്രിയങ്കരനായ ബീര്ബലിന്റെ ഇരിപ്പിടം എന്നാണ് ഗൈഡ് വിശദീകരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നൂത്രേ! സ്വർണ്ണങ്ങളും വജ്രങ്ങളും സൂക്ഷിച്ചിരുന്ന അറകൾ കാണുകയുണ്ടായി. ഇടയ്ക്കു ഇരുട്ട് നിറഞ്ഞ പടികൾക്ക് സമീപം ചങ്ങല കൊണ്ട് ബന്ധിച്ച ഒരു കൊച്ചു വാതിൽ കണ്ടു. താജ് മഹലിലേക്കു പോകാനുള്ള ഭൂഗർഭ അറ എന്ന് പറയപ്പെടുന്നു.

ദിവാൻ ഇ ആം

ദിവാൻ ഇ ആം – രാജാവിന്റെ ഇരിപ്പിടം

ഖജനാവ് എന്ന് പറയപ്പെടുന്നയിടം.

ഉത്സാഹിയായ നമ്മുടെ ഗൈഡ് താല്പര്യത്തോടെ നമ്മുടെ ഫോട്ടോസും എടുത്തു തന്നു; അതും ഓരോ സ്പോട്ടിലും. ഫ്രെമിൽ വരുമായിരുന്നു സായ്പുമാരോടൊക്കെ ഒരു ജാള്യതയും കൂടാതെ മാറി നില്ക്കാൻ പറഞ്ഞു. സ്വർണ്ണവും, രത്‌നവും ഒക്കെ അടിച്ചോണ്ടു പോയ ദേഷ്യം അവരോട് ഉണ്ടെന്നു തോന്നി അങ്ങേർക്ക്. സേവനത്തിൽ വളരെ സന്തോഷം തോന്നിയ ഞങ്ങൾ പുള്ളിക്കാരന് പറഞ്ഞതിലും കാശും കൊടുത്തു, വാനോളം പുകഴ്ത്തുകയും ചെയ്തു! അണയുന്ന സൂര്യന്റെ ഒപ്പം മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച ആ കോട്ടയോടു ഞങ്ങൾ വിട ചൊല്ലി.

Fort

ഞങ്ങൾ കഴിക്കാനായി പോയി. വൃത്തിഹീനമായ ആഗ്ര എന്ന് ഒരു തവണ കൂടി തെളിയിക്കും അവിടുത്തെ വെള്ളം. വായിൽ വച്ചതേ വലിയൊരു ശബ്ദത്തോടെ ഞാനത്  തുപ്പി. കടുത്ത ഉപ്പു കലർന്ന വെള്ളം! കടലിനോട് ചേർന്ന സ്ഥലം ആയിരുന്നു കടലിന്റെ ഉപ്പു എന്നോർത്തു സമാധാനിക്കാമായിരുന്നു. പക്ഷെ ഇതിപ്പോ..? ഒരുകാലത്തു മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന, ആഗ്രയിലെ തന്നെ ഫത്തേപ്പൂർ സിക്രി അക്ബർ ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണം ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്!

അത്താഴ ശേഷം എല്ലാവരും വണ്ടിയിൽ കയറി. ആഗ്ര മാർബിൾ ശില്പങ്ങളുടെയും, തുകൽ ഉൽപ്പന്നങ്ങളുടെയും മൊത്ത വ്യാപാര കേന്ദ്രമാണെന്നു സജിയണ്ണൻ പറഞ്ഞിരുന്നു. പറഞ്ഞതിൻ പ്രകാരം ഞങ്ങളെ ഒരു സാമാന്യം വലിയൊരു കടയിൽ കൊണ്ട് പോയി. മൂന്ന് സെക്ഷൻ ആയിരുന്നു അവിടെ, മാർബിൾ കരകൗശലം, തുണിത്തരങ്ങൾ, പിന്നെ തുകൽ ഉത്പന്നങ്ങൾ. എല്ലാം വിസ്തരിച്ചു തെളിവുകൾ സഹിതം വിവരിച്ചു തരുന്ന കടക്കാരൻ. പൈൻ ആപ്പിൾ, ബാംബൂ, ബനാന എന്നിവയുടെ എന്തിലൊക്കെയോ തീർത്ത സാരികൾ. നല്ല ഗുണമേന്മ ഉളളതിനാൽ അതിനു തക്ക വിലയും ഉണ്ടായിരുന്നു. സാമ്പിൾ പോലെ ഒന്ന് രണ്ടു സാരിയും, മാർബിൾ സോവനീറുകളും വാങ്ങി. ഇവിടം സന്ദർശിച്ചാലും അവിടുന്ന് എന്തെങ്കിലും വാങ്ങി ഓർമ്മക്കായി സൂക്ഷിക്കാറുള്ള ശീലം കുഞ്ഞിലേ മുതൽ ഉള്ളതാണ്. പക്ഷെ ഈ യാത്രയിൽ കുറെ സോവേനിയറുകൾ മിസ് ആയിക്കഴിഞ്ഞു!

സാരമില്ല.. രാത്രിയിലെ മടക്ക യാത്ര.. കാണാൻ കൂരിരുട്ടു മാത്രം. ഉറക്കത്തെ കുറിച്ച മാത്രം ചിന്തിച്ചാൽ മതി.

Inside Car

സുഖകരമല്ലാത്ത വെട്ടിക്കലും, ഓവർ ടേക്കിങ്ങും ഒക്കെ ഒരു വേള ഉറക്കത്തിൽ നിന്നും എന്നെ ഞെട്ടി എണീപ്പിച്ചു. ഡ്രൈവറെ നോക്കി.. ഇല്ല ഉറങ്ങുകയല്ല. ഡൽഹി അടുക്കാറായിരിക്കുന്നു.

രണ്ടു മൂന്ന് ദിവസത്തെ അലച്ചിൽ കാരണം അടുത്ത ദിവസം അല്പം വൈകി ഉണർന്നാൽ മതി എന്ന് തീരുമാനിച്ചു. ഞങ്ങൾ രാവിലെ തന്നെ ഹോട്ടൽ ചെക്ക് ഔട്ട് ചെയുക ആണ്. ലഗേജും കൊണ്ടാണ് കറക്കം. അക്ഷർധാം, ലോട്ടസ് ടെംപിൾ എന്നിവ ആണ് ബാക്കി. നല്ലൊരു മാർക്കറ്റും ലിസ്റ്റിൽ ഉണ്ടായിരുന്നു. രാത്രി 9 .30-ക് ആണ് തിരിച്ചുപോകാനുള്ള ബാംഗ്ലൂർ ഫ്ലൈറ്റ്.

– തുടരും

  *****************************************