ഡിസംബറിലെ ഡൽഹി (Day – 4)

Day – 4 (28/12/2016)

ഡൽഹി യാത്ര ശരിക്കും അർത്ഥപൂർണ്ണമായെന്നു എനിക്ക് തോന്നിയത് അക്ഷർധാമിന്റെ പടികൾ കയറുമ്പോൾ ആയിരുന്നു..കരോൾ ബാഗിൽ നിന്നും കേവലം 12km മാത്രം. മെട്രോ സിറ്റിയിൽ നിന്ന് പെട്ടെന്ന് മറ്റേതോ ഒരു നൂറ്റാണ്ടിലേക്കു വഴുതി വീണ പോലൊരു പ്രതീതി. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലും ഇറ്റാലിയൻ വെണ്ണക്കല്ലു കളും കൊണ്ടാണ് ഈ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

Akshardham – A view from the road.

കൊത്തിപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശില്പങ്ങൾ, ഹിന്ദു സന്യാസികളുടെ പ്രതിമകൾ എന്നിവയും ഇതിനകത്തുണ്ട്. അടിത്തറയായി 148 ആനകളുടെ പ്രതിമകൾ അടങ്ങുന്ന ഗജേന്ദ്രപീഠം സ്ഥിതി ചെയ്യുന്നു. ഈ സ്മാരകത്തിന്റെ ഉള്ളിൽ നടുവിലുള്ള കുംഭഗോപുരത്തിനകത്ത് ഭഗവാൻ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള ഒരു ശില്പം ഉണ്ട്. ഇതിനു ചുറ്റുമായി മറ്റു പ്രതിമകളും നിർമ്മിച്ചിരിക്കുന്നു. ഓരോ ശില്പങ്ങളും പഞ്ചലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

എത്ര നോക്കി നിന്നാലും മതി വരില്ല ഈ മന്ദിരങ്ങളുടെ ശില്പചാതുരി. പ്രധാന വിഗ്രഹം ഇരിക്കുന്ന ഗോപുരം കാണേണ്ട കാഴ്ച തന്നെ ആണ്. താജ് മഹലിലും, ആഗ്ര കോട്ടയിലും ഒക്കെ സ്വർണവും രത്‌നവും, കല്ലുകളും പതിച്ച അറകൾ വിഭാവനം ചെയ്യാനേ സാധിച്ചുള്ളൂ എങ്കിൽ, ഇവിടെ ഞങ്ങളത് നേരിൽ കാണുകയാണ്! വെട്ടി തിളങ്ങുന്ന ഗോപുരം, നിറയെ കല്ലുകൾ പതിച്ചിരിക്കുകയാണ്. വെണ്ണക്കല്ലിൽ പണിതുയർത്തിയ തൂണുകൾ. ഗോപുരത്തിന്റെ മുകൾ ഭാഗം മുഴുവൻ വിസ്മയകരമായ കൊത്തുപണികൾ..അങ്ങനെ അങ്ങനെ കാഴ്ചകൾക് ഒരു അവസാനവും ഇല്ല.

വെറും പന്ത്രണ്ടു വർഷങ്ങളുടെ പഴക്കം മാത്രമേ ഉള്ളു ഈ മന്ദിരങ്ങൾക്ക്. വിനോദ സഞ്ചാരികൾ ഏറെ ഉണ്ടിവിടെ. മറ്റിടങ്ങളെ പോലെ അല്ല..ഇവിടെ വരുന്നവർ ഇവിടം മുഴുവൻ കണ്ടു ആസ്വദിച്ചിരിക്കും. കാരണം ആരുടെ കയ്യിലും മൊബൈലോ, ക്യാമറയോ ഇല്ല. സെൽഫി എടുക്കാനോ, നല്ല ഫ്രെയിം തിരയാണോ സമയം കളയേണ്ടതില്ല. ക്ഷേത്രത്തിന്റെ വഴിത്താരയിലെങ്ങോ ക്ഷേത്രത്തിന്റെ ചിത്രം കിട്ടത്തക്ക രീതിയിൽ ഫോട്ടോ എടുത്ത് പ്രിന്റ് എടുത്ത് കൊടുക്കുന്നുണ്ട്. പോസ് ചെയ്തു നിൽക്കാനുള്ള സ്ഥലം തറയിൽ മാർക്ക് ചെയ്തിരിക്കുന്നു. നമ്മൾ മുന്നോട്ടു നടന്നു സോവനീർ ഷോപ്പിൽ എത്തുമ്പോൾ പ്രിന്റ് തയ്യാറായി എത്തിയിരിക്കും. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്.

ക്ഷേത്രത്തിലെ സുരക്ഷ കർക്കശം ആണ്! വെറും കയ്യോടെ ചെല്ലുന്നത് തന്നെ ആണ് ഉചിതം. ഉറങ്ങുന്ന കുഞ്ഞിനെ പോലും മുഴുവൻ പരതി നോക്കി ആണ് അകത്തേക്ക് വിട്ടത്. ബെൽറ്റും, പേഴ്‌സും എല്ലാം എടുത്തു പ്രത്യേകം സ്കാൻ ചെയ്യാൻ കൊടുക്കണം. വല്യ വാച്ച് പോലും തിരിച്ചും മറിച്ചും നോക്കി ബോംബല്ല എന്ന് ഉറപ്പിച്ച ശേഷമേ അവർ കടത്തി വിടു. സോവനീർ കടയിൽ നിന്ന് വാങ്ങുന്ന സാധനകൾ ഒന്ന് കൂടി പരിശോധിക്കാൻ പ്രത്യേക കാവൽക്കാരുണ്ട്. ഓരോ പത്തു ഇരുപതു അടിയിലും ഓരോ വേസ്റ്റ് ബിൻ! ഒരു കടലാസ്സു പോലും ബിൻ കാണാത്തതിന്റെ പേരിൽ ആരും താഴെ ഇടാതിരിക്കാനായിരിക്കും ഇത്രേം അധികം ബിന്നുകൾ.

മനസ്സിനെ മയക്കുന്ന സംഗീതവും, കലയും, വാസ്‌തുവുമെല്ലാം ചേർന്നിണങ്ങിയ ആ ലോകം വിട്ടു ഇറങ്ങാൻ ആർക്കായാലും ഒരു മടി തോന്നും. പക്ഷെ നമ്മളൊക്കെ വെറും സന്ദർശകർ മാത്രമാണ്! തിരിച്ചു പോയെ പറ്റൂ..

ലോട്ടസ് ടെമ്പിൾ മാത്രമാണ് ഇനി ഞങ്ങളുടെ ലിസ്റ്റിൽ ശേഷിക്കുന്നത്. ഇവിടുന്നു ഏകദേശം 16kms. സത്യത്തിൽ ഡൽഹിയുടെ കാൽ ഭാഗം പോലും കണ്ടില്ല.  അതൊക്കെ ഇനി ഒരു അവസരത്തിൽ എന്ന് ബാക്കി വയ്ക്കാൻ മാത്രമേ തത്കാലം സാധിക്കു..

Lotus Temple’s beautiful garden

വെണ്ണക്കല്ലിൽ നിർമ്മിച്ച താമരാകൃതിയിലുള്ള താഴികക്കുടം.

ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണിത്. 27 ദളങ്ങൾ ചേർന്ന് നിൽക്കുന്ന മാതൃകയിലുള്ള ഈ ക്ഷേത്രം, ഒൻപതു കുളങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒൻപതു കതകുകളിലൂടെ ഓരോ ബാച്ചുകൾ ആയി സന്ദർശകരെ കയറ്റിവിടുന്നു. അകത്തു കയറും മുൻപ്, വോളന്റിയർ വേണ്ട നിർദേശങ്ങൾ തരും. അകത്തു ഒന്നോ രണ്ടോ മിനിറ്റു നേരെത്തെ മൗന പ്രാർഥന ആണുള്ളത്. ബഹായ് വോളന്റിയറുകൾ എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നു. പുഞ്ചിരി തൂകി നിശബ്തത പാലിക്കാൻ പറയുന്നു. പൂർണ്ണ നിശബ്ദമായിരുന്നു ധ്യാനിക്കുക എന്നതാണ് അവിടുത്തെ ആരാധനാ രീതി. കുഞ്ഞുങ്ങളേം കൊണ്ട് വരുന്നവർക്കുള്ള കടുത്ത വെല്ലുവിളി നിറഞ്ഞ സ്ഥലം. ഹാളിൽ പൂർണ്ണ നിശബ്ദത. ഏത് നിമിഷവും അമ്മുവിൻറെ ഒരു അലർച്ച പ്രതീക്ഷിച്ചു നെഞ്ചിടിപ്പോടെ ഞാൻ ഇരുന്നു. അല്പനേരത്തെ മൗനപ്രാത്ഥനക്കു ശേഷം അടുത്ത ബാച്ചുകൾക്കു വേണ്ടി ഞങ്ങളിറങ്ങി. മാർബിൾ കൊണ്ടാണ് ഈ അമ്പലത്തിന്റെ നിർമ്മിതി. ചെരുപ്പുകൾ അനുവദനീയം അല്ല. പകരം അവ ഊരി അവർ തരുന്ന സഞ്ചിയിലിട്ടു കൊണ്ട് വേണം നടക്കാൻ. എല്ലാവരും സഞ്ചിയിലിട്ട ചെരുപ്പുമായി ആണ് പ്രാർഥന  നടത്തുക. എത്ര മനോഹരമായ ആചാരങ്ങൾ!

കണ്ണാടി പോലെ നിശ്ചലമായ കുളം

Mirror looking Pond – Taken while standing in queue.

താമര ഇതളുകളിലേക്കു സൂര്യൻ അസ്തമിച്ചിറങ്ങുന്നതും കണ്ടുകൊണ്ടാണ് ഞങ്ങൾ വിട വാങ്ങിയത്.

Sunset at Lotus Temple

വിശാലമായ സരോജിനി മാർക്കറ്റിൽ വെറും ഒരു മണിക്കൂർ കൊണ്ട് ഓടിച്ചൊരു ഷോപ്പിങ്ങും നടത്തി തിരിച്ചെത്തുമ്പോഴേയ്ക്കും ഡ്രൈവറും പാർക്കിംഗ് ഗുണ്ടകളും തമ്മിൽ കശപിശ നടക്കുന്നു. വെറും 20 രൂപയ്ക്കു വേണ്ടി. സിനിമ സ്റ്റൈലിൽ ഗുണ്ടാ ചേട്ടൻ വലിയൊരു സ്കോർപിയോ ഞങ്ങളുടെ കാറിനു പിന്നിൽ ഇട്ടിരിക്കുക ആണ്, ഞങ്ങളെ പോകാൻ സമ്മതിക്കാതെ. വെറും അനാവശ്യമായൊരു വഴക്ക്. കിളി പോയി നിൽക്കുക ആയിരുന്നു ഞങ്ങൾ  എല്ലാവരും. വഴക് കണ്ടിട്ടല്ല, ഇനിയും എത്തിയില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ഫ്ലൈറ്റിന്റെ കാര്യമോർത്തു. മേം ആവൂന്ഗാ..എന്നൊരു ഭീഷണിയും മുഴക്കി സജിയണ്ണൻ വണ്ടി എടുത്തു.

അവസാനം വന്നവർ അവസാനം, വിമാനത്തിന്റെ പിറകിലെ സീറ്റിൽ ചാരിയിരുന്നു ഡൽഹിയെ നോക്കി ഞാൻ മൗനമായിരുന്നു..

നക്ഷത്രങ്ങളെ തൊടാനെന്ന പോലെ വിമാനം കുതിച്ചുയർന്നപ്പോൾ, ഡൽഹിയിലെ ദീപങ്ങൾ പത്തിൽ നിന്ന് നൂറായും, നൂറു ആയിരമായും മിന്നാ മിന്നികളെ പോലെ അകലേക്ക് പറന്നു പോയി. അവസാനം അവ അണഞ്ഞു. ഉണർന്നിരുന്നു കണ്ട ആ മനോഹര സ്വപ്നത്തിന്റെ തുടർച്ചയ്ക്കായി മിഴികൾ പൂട്ടി ..

ഇനി എന്നാകും ഒരു തിരിച്ചു വരവ്?

 

  *****************************************

 

 * THE END *

Save

Save

Save

Save